കോഴിക്കോട്: തലശ്ശേരി ഫസൽ വധക്കേസിന് പിന്നിൽ സിപിഎം നേതാക്കൾ തന്നെയെന്ന് സിബിഐ. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന വാദം തള്ളിയാണ് സിബിഐയുടെ തുടരന്വേഷണ റിപ്പോർട്ട്. എറണാകുളം സിബിഐ കോടതിയിൽ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ടിലാണ് സിബിഐ ഇക്കാര്യങ്ങൾ പരാമർശിച്ചിട്ടുള്ളത്. കൊലയ്ക്ക് പിന്നിൽ താനുൾപ്പെട്ട ആർഎസ്എസ് പ്രവർത്തകരാണെന്ന മാഹി ചെമ്പ്ര സ്വദേശി സുബീഷിന്റെ വെളിപ്പെടുത്തൽ തള്ളുന്ന സിബിഐ ഇത് കസ്റ്റഡിയിൽ വച്ച് പറയിച്ചതാണെന്നും ചൂണ്ടിക്കാട്ടുന്നു.
കാരായി രാജനും, കാരായി ചന്ദ്രശേഖരനും ഉൾപ്പെട്ട സിപിഎം നേതാക്കളാണ് കൊലപാതകത്തിന് പിന്നിൽ. ഫസലിനെ വധിച്ചത് കൊടി സുനി ഉൾപ്പെട്ട സംഘമാണെന്നും സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ കുറ്റപത്രത്തിലെ കണ്ടെത്തലുകൾ ശരിയാണെന്നാണ് സിബിഐ ചൂണ്ടിക്കാണിക്കുന്നത്. കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റംഗമായ കാരായി രാജനും തലശ്ശേരി ഏരിയാ കമ്മിറ്റിയംഗമായ കാരായി ചന്ദ്രനും ഒൻപതു വർഷത്തിനുശേഷം ഇന്ന് തലശ്ശേരിയിലെത്താനിരിക്കെയാണ് സിബിഐ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത്. ജാമ്യവ്യവസ്ഥയിൽ ഇളവ് കിട്ടിയതോടെയാണ് ഇരുവരും ഇവിടേക്ക് എത്തുന്നത്.
ഫസൽ വധക്കേസ് ആർ.എസ്.എസ്സിന്റെ തലയിൽ കെട്ടിവയ്ക്കാൻ തുടക്കത്തിൽ തന്നെ സി.പി.എം ശ്രമം നടത്തിയിരുന്നു. എന്നാൽ ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ തന്നെ കൊല നടത്തിയത് സി.പി.എമ്മാണെന്ന് തെളിഞ്ഞിരുന്നു. തലശ്ശേരി ജെടി റോഡിൽ 2006 ഒക്ടോബർ 22നു പുലർച്ചെയാണു ഫസൽ കൊല്ലപ്പെടുന്നത്. ഗോപാലപേട്ട സിപിഎം ബ്രാഞ്ച് അംഗവും സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള അച്യുതൻ സ്മാരക വായനശാലയുടെ സെക്രട്ടറിയുമായിരുന്ന ഫസൽ പിന്നീട് എൻഡിഎഫിൽ ചേർന്നതിലുള്ള രാഷ്ട്രീയവിരോധമാണു കൊലയ്ക്ക് കാരണമെന്നായിരുന്നു അന്വേഷണത്തിൽ കണ്ടെത്തിയത്. ഇത് ശരിവയ്ക്കുന്ന റിപ്പോർട്ടാണ് സിബിഐയും സമർപ്പിച്ചിരിക്കുന്നത്.
Comments