കേദാർനാഥ്: തകർന്ന കേദാർനാഥിനെ പുനരുദ്ധരിക്കാൻ സാധ്യമാകുമോ എന്ന് പലർക്കും സംശയമായിരുന്നുവെന്നും ഇന്ന് അത് സാധ്യമായിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കേദാർനാഥിൽ 130 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില അനുഭവങ്ങൾ അതീന്ദ്രിയമാണ്. അത് വാക്കുകൾക്ക് അതീതമാണ്. കേദാർനാഥിൽ വരുമ്പോൾ അത്തരമൊരു അനുഭവമാണ് ഉണ്ടാകുന്നത്. രാജ്യത്തിന്റെ ആത്മീയ സമ്പന്നതയാണ് കേദാർനാഥ്. 2013ലുണ്ടായ പ്രളയത്തിന് ശേഷം കേദാർനാഥിൽ ഇനിയൊരു പുനരുദ്ധാരണം സാധ്യമാകുമോ എന്ന് ജനങ്ങൾ ചിന്തിച്ചു. എന്നാൽ കേദാർനാഥിൽ വീണ്ടുമൊരു വികസനം സാധ്യമാണെന്ന് എന്റെ ഉള്ളിലെ ശബ്ദം പറയുന്നുണ്ടായിരുന്നു. ഇവിടുത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഞാൻ ഡൽഹിയിലിരുന്ന് നേരിട്ട് വിലയിരുത്തുന്നുണ്ടായിരുന്നു. ഡ്രോൺ വീഡിയോകളുടേയും മറ്റും സഹായത്തോടെയാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ ഓരോ ഘട്ടവും വിലയിരുത്തിയിരുന്നത്. ഈ പ്രവർത്തനങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകിയ എല്ലാ റാവലുമാർക്കും എന്റെ നന്ദി അറിയിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
സാധാരണക്കാരുടെ ജീവിതത്തിനായി പ്രയത്നിച്ച ജീവിതമായിരുന്നു ശങ്കരാചാര്യരുടേത്. ഭാരതീയ ദർശനം മനുഷ്യന്റെ ഉന്നമനത്തേയും ക്ഷേമത്തേയും കുറിച്ചാണ് സംസാരിക്കുന്നത്. ജീവിതത്തെ വളരെ സമഗ്രമായ രീതിയിലാണ് ഇത് കാണുന്നത്. ജീവിതത്തെ പൂർണതയിൽ കാണുന്നതാണ് ഭാരതീയ ദർശനം. ഈ സത്യത്തെ കുറിച്ച് ജനങ്ങളേയും സമൂഹത്തേയും ബോധവാന്മാരാക്കാനാണ് ആദിശങ്കരാചാര്യർ ശ്രമിച്ചത്. കേദാർനാഥിലെ വികസനം ശ്രീശങ്കരാചാര്യരുടെ അനുഗ്രഹത്തിന്റെ ഫലമാണ്. അദ്ദേഹത്തിന്റെ ജീവിതയാത്ര അസാധാരണമാണ്. സാധാരണക്കാരുടെ ക്ഷേമത്തിനായി സമർപ്പിച്ച ജീവിതമായിരുന്നു ശങ്കരാചാര്യരുടേത്. പുതിയ ഇന്ത്യ ശങ്കരാചാര്യരുടെ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
ആദിശങ്കരാചാര്യ സമാധിയുടെ ഉദ്ഘാടനത്തിന് നിങ്ങളെല്ലാവരും സാക്ഷികളായിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഭക്തരെല്ലാം വലിയ ആവേശത്തിലാണ്. അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണം പുരോഗമിക്കുകയാണ്. അവിടെ കഴിഞ്ഞ ദിവസം വിപുലമായ രീതിയിൽ ദീപോത്സവം നടത്തി. അയോദ്ധ്യ അതിന്റെ പഴയ പ്രൗഢി തിരിച്ച് പിടിക്കുകയാണ്. കാശി വിശ്വനാഥ് ഇടനാഴി പദ്ധതിയുടെ ജോലികൾ പുരോഗമിക്കുകയാണ്. വാരാണസിയിലും വലിയ പുരോഗതിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇന്ന് നമ്മുടെ രാജ്യം വലിയ സ്വപ്നങ്ങൾ കണ്ട്, സമയബന്ധിതമായി ആ സ്വപ്നങ്ങൾ കയ്യെത്തി പിടിച്ചു കൊണ്ടിരിക്കുകയാണ്. അടുത്ത 10 വർഷത്തിനുള്ളിൽ കേദാർനാഥിന്റെ വികസനത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടാകും. വികസന പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പാക്കുന്നതിൽ ഈ സർക്കാരിനേയും അഭിനന്ദിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ക്ഷേത്ര സന്ദർശനത്തിന് ശേഷം കേദാർനാഥിൽ 130 കോടിയുടെ വികസന പ്രവർത്തനങ്ങൾക്കും അദ്ദേഹം തുടക്കമിട്ടു. സരസ്വതി സംരക്ഷണ ഭിത്തി, സ്നാന ഘട്ടങ്ങൾ, മന്ദാകിനി സംരക്ഷണ ഭിത്തി, തീർഥ് പുരോഹിത ഭവനങ്ങൾ, മന്ദാകിനി നദിയിലെ ഗരുഡ്ഛട്ടി പാലം തുടങ്ങിയവയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.
Comments