ന്യൂഡൽഹി : നേപ്പാൾ യാത്രയ്ക്കിടെ താൻ കണ്ടു മുട്ടിയ ഒരു തെരുവ് പെൺകുട്ടിയുടെ വീഡിയോയാണ് നടൻ അനുപം ഖേർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്ക് വച്ചിരിക്കുന്നത് .
സൂരജ് ബര്‍ജാത്യ സംവിധാനം ചെയ്യുന്ന ഉഞ്ജായ് എന്ന സിനിമയുടെ ചിത്രീകരണത്തിനായി നേപ്പാളില്‍ എത്തിയപ്പോഴാണ് താരം ഈ കുട്ടിയെ കണ്ടുമുട്ടിയത്. എന്തെങ്കിലും തരണം എന്നതായിരുന്നു അദ്ദേഹത്തോടുള്ള അവളുടെ ആദ്യ ആവശ്യം. അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കുകയായിരുന്നു രണ്ടാമത്തെ ആവശ്യം.
എന്നാൽ ഇത് അവൾ ആവശ്യപ്പെട്ടതാകട്ടെ നല്ല ഒഴുക്കൻ ഇംഗ്ലീഷ് ഭാഷയിലും . ഇന്ത്യയിൽ നിന്നും നേപ്പാളിലെത്തിയതാണ് ആരതി എന്ന പെൺകുട്ടി. കാഠ്മണ്ഡുവിലെ ഒരു ക്ഷേത്രത്തിനു മുന്നിൽ വച്ചാണ് അനുപംഖേർ പെൺകുട്ടിയെ കണ്ടുമുട്ടിയത്. ഇംഗ്ലീഷിലുള്ള സംസാരം കേട്ട് അനുപം ഖേർ പെൺകുട്ടിയോടു കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു
താന്‍ ഭിക്ഷ യാചിച്ചാണ് കഴിയുന്നതെന്നും, സ്കൂളില്‍ പോയിട്ടില്ലെന്നും വീഡിയോയില്‍ ആരതി പറയുന്നു. ഭിക്ഷാടനത്തിന് വേണ്ടിയണ് താന്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിച്ചതെന്നും അവള് പറഞ്ഞു. നല്ല ഇംഗ്ലിഷില്‍ സംസാരിക്കുന്നുണ്ടല്ലോ, ജോലി അന്വേഷിച്ചു കൂടെയെന്നു താരം ചോദിച്ചു. എന്നാൽ ആരും ജോലി തരുന്നില്ലെന്നും കുട്ടി പറയുന്നു.
‘ ഞാന്‍ സ്കൂളില്‍ പോയാല്‍, എന്റെ ഭാവി മാറും. സ്കൂളില്‍ പോകാന്‍ എന്നെ സഹായിക്കാന്‍ ഞാന്‍ എപ്പോഴും ആളുകളോട് ആവശ്യപ്പെടും. പക്ഷേ ആരും എന്നെ സഹായിക്കാന്‍ മനസ്സ് കാണിച്ചിട്ടില്ല’ അവള് പറഞ്ഞു . ‘ എന്നെ സ്കൂളില്‍ വിടാന്‍ സഹായിക്കുമോ ?’ എന്ന് കുട്ടി ചോദിക്കുമ്പോള്‍ സ്കൂളില്‍ പഠിക്കാന്‍ താന്‍ സഹായിക്കുമെന്ന് വാക്ക് നല്കി അനുപം ഖേര്‍ . പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പരും ചോദിച്ചുവാങ്ങി. തന്റെ ഫൗണ്ടേഷന് പഠനത്തിന് സഹായിക്കുമെന്നും താരം വാക്കുനൽകി.
Comments