ന്യൂഡൽഹി : രാജ്യത്തെ കൊറോണ പ്രതിസന്ധി തരണം ചെയ്യാൻ സഹായിച്ച കേന്ദ്ര സർക്കാർ നടപടികളെ പ്രശംസിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. ലോക്ഡൗൺ പ്രഖ്യാപിച്ച് 48 മണിക്കൂറിനുള്ള 80 കോടി ജനങ്ങൾക്ക് സൗജന്യ ഭക്ഷണം നൽകാനുളള നടപടികൾ ആരംഭിച്ചു. പിഎം കെയേഴ്സ് പദ്ധതിയിലൂടെ അടുത്ത തലമുറയെ സർക്കാർ എങ്ങനെ പരിപാലിക്കുന്നുവെന്ന് കാണിച്ചുകൊടുത്തു. ‘വൺ നേഷൻ വൺ റേഷൻ കാർഡ്’ പദ്ധതിയും വളരെ വേഗത്തിലാണ് നടപ്പിലാക്കിയത് എന്നും നിർമ്മല സീതാരാമൻ ചൂണ്ടിക്കാട്ടി. ബിജെപി ദേശീയ നിർവ്വാഹക സമിതി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി.
കൊറോണ വാക്സിനേഷൻ ആരംഭിച്ചത് മുതൽ പ്രതിപക്ഷം കുറ്റം കണ്ടുപിടിക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇന്ന് വാക്സിനേഷൻ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന കലാപത്തിന് ഇരയായവർക്ക് നീതി ലഭിക്കുന്നത് വരെ പോരാടുമെന്നും ബിജെപി അവർക്ക് പൂർണ പിന്തുണ നൽകുമെന്നും നിർമ്മല സീതാരാമൻ ഉറപ്പുനൽകി.
ജമ്മു കശ്മീരിൽ പാക് അധിനിവേശും ആക്രമണങ്ങളും കുറഞ്ഞിരിക്കുകയാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. 2004 നും 2014 നും ഇടയിൽ ജമ്മു കശ്മീരിൽ 2081 ആളുകളാണ് കൊല്ലപ്പെട്ടത്. എന്നാൽ 2014 നും 2021 സെപ്റ്റംബറിനും ഇടയിൽ അത് 239 ആളുകളായെന്ന് കണക്കുകൾ പറയുന്നു. വികസനത്തിലും ജമ്മു കശ്മീർ മുന്നോട്ട് കുതിക്കുകയാണ്.
ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുണ്ടായ സംഭവങ്ങളും ചർച്ച ചെയ്തിരുന്നു. കേന്ദ്ര ഭരണ പ്രദേശത്ത് ബ്ലോക് ഡെവലപ്മെന്റ് കൗൺസിൽ ഡിസ്ട്രേക്റ്റ് ഡെവലപ്മെന്റ് കൗൺസിൽ തെരഞ്ഞെടുപ്പുകൾ മികച്ച രീതിയിലാണ് നടന്നത്. ജനാധിപത്യത്തിലെ ജനപങ്കാളിത്തം സംബന്ധിച്ചും ചർച്ച നടന്നതായി നിർമ്മല സീതാരാമൻ വ്യക്തമാക്കി.
Comments