മോസ്കോ : ബഹിരാകാശ പേടകത്തിലെ ടോയ്ലെറ്റ് തകരാറിലായാൽ എന്ത് ചെയ്യും ?. ഇവിടെയാണെങ്കിൽ ഒരു പ്ലംബറെ തപ്പിയെടുത്ത് പോംവഴി കാണാം. പക്ഷെ ബഹിരാകാശത്ത് ആണെങ്കിൽ കുടുങ്ങിയത് തന്നെ. ഇത്തരം ഒരു പ്രതിസന്ധിയിലായിരുന്നു കഴിഞ്ഞ ദിവസം സ്പെയ്സ് എക്സ് പേടകത്തിലെ യാത്രക്കാർ. ഒടുവിൽ കയ്യിൽ കരുതിയിരുന്ന ഡയപ്പറാണ് യാത്രികർക്ക് ആശ്വാസമായത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും മടങ്ങുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി പേടകത്തിലെ ടോയ്ലറ്റ് തകരാറിലായത്. നാസയിലെ ബഹിരാകാശ ശാസ്ത്രജ്ഞൻ മേഗൻ മക് ആർതർ ഉൾപ്പെടെ നാല് പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ടോയ്ലറ്റ് ലീക്കാകുന്നതായിരുന്നു പ്രശ്നം. ഇതേ തുടർന്ന് ഇവർക്ക് ബഹിരാകാശത്ത് 20 മണിക്കൂറോളം അധികം ചിലവഴിക്കേണ്ടിവന്നു.
സംഗതി വലച്ചുവെങ്കിലും അത് കൈകാര്യം ചെയ്യാൻ കഴിഞ്ഞെന്നാണ് മേഗൻ പറയുന്നത്. ചെറിയ ചെറിയ പ്രശ്നങ്ങളും വെല്ലുവിളികളും നിറഞ്ഞതാണ് ബഹിരാകാശ പേടകത്തിലൂടെയുള്ള യാത്ര. ടോയ്ലറ്റ് തകരാറിലായതും സമാനമായ ഒരു വെല്ലുവിളിയാണ്. എന്നാൽ തങ്ങൾ ഇതിനെ കൈകാര്യം ചെയ്യുകയും, തങ്ങളുടെ ദൗത്യം പൂർത്തീകരിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറയുന്നു.
ആറ് മാസങ്ങൾക്ക് മുൻപാണ് ആർതറും സംഘവും ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലേക്ക് പോയത്. നിരവധി ചർച്ചകൾക്ക് ശേഷം കഴിഞ്ഞ ആഴ്ച ആർതറിനെ തിരികെയെത്തിച്ച് പുതിയ സംഘത്തെ അയക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന് പുതിയ സംഘത്തിന്റെ യാത്ര വൈകിയതോടെ ബഹിരാകാശയാത്രികർ അവിടെ തുടരുകയായിരുന്നു.
Comments