കൊച്ചി: ഹൈക്കോടതിയിൽ ഓൺലൈൻ സിറ്റിംഗിനിടെ ഷർട്ടിടാതെ എത്തിയ ആളെ താക്കീത് ചെയ്ത് ജഡ്ജി. കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസിങ് വഴി നടത്തിയ സിറ്റിംഗിനിടെയായിരുന്നു സംഭവം. ഷർട്ടിട്ട് വരാൻ നിർദ്ദേശിച്ച കോടതി അല്ലെങ്കിൽ ഓൺലൈൻ വാദം കേൾക്കലിൽ നിന്ന് ഒഴിവാക്കേണ്ടി വരുമെന്നും പറഞ്ഞു. ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ കേസ് പരിഗണിക്കുന്നതിനിടയിലായിരുന്നു സംഭവം.
കൊറോണ വ്യാപനത്തെ തുടർന്നാണ് കോടതികൾ ഓൺലൈൻ സിറ്റിംഗിലേക്ക് മാറിയത്. ഹൈക്കോടതിയും ഏറെ നാളായി ഓൺലൈൻ സിറ്റിംഗാണ് നടത്തുന്നത്. എവിടെ നിന്നും ആർക്കും കോടതി നടപടികൾ വീക്ഷിക്കാം. പലപ്പോഴും ഓൺലൈൻ സിറ്റിംഗിനിടയിൽ പങ്കെടുക്കുന്നവരുടെ അജ്ഞത ജഡ്ജിമാർക്ക് തലവേദനയാകാറുണ്ട്.
തിരക്കുളള ഓൺലൈൻ സിറ്റിംഗിനിടെയാണ് കക്ഷികളിൽ ഒരാൾ ഷർട്ടിടാതെ ഓൺലൈനിൽ വന്നത് ജഡ്ജി ശ്രദ്ധിച്ചത്. ഇതേ തുടർന്നായിരുന്നു താക്കീത്. ഷർട്ടിടുന്നതിന് മുൻപ് ക്യാമറ ഓൺ ആയതാണ് അബദ്ധത്തിന് ഇടയാക്കിയതെന്നാണ് വിവരം.
Comments