മലപ്പുറം: ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നതിൽ തലമൊട്ടയടിച്ച് പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാരൻ. നിലമ്പൂർ ഡിപ്പോയിലെ മെക്കാനിക്കൽ വിഭാഗം ജീവനക്കാരൻ കെ.ഡി തോമസാണ് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത്. നിലമ്പൂർ ഡിപ്പോയ്ക്ക് മുന്നിലിരുന്നായിരുന്നു തോമസിന്റെ പ്രതിഷേധം.
വടിച്ച മുടി മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും ധനമന്ത്രിക്കും കെ.എസ്.ആർ.ടി.സി എംഡിക്കും അയച്ചുകൊടുക്കുമെന്ന് തോമസ് അറിയിച്ചു. അതേസമയം നവംബർ മാസം പകുതി ആയിട്ടും ജീവനക്കാർക്ക് ഇതുവരെ ശമ്പളം കിട്ടിയിട്ടില്ല. ശമ്പള പരിഷ്കരണം പോയിട്ട് കൃത്യമായ സമയത്ത് ശമ്പളം നൽകാത്തതിൽ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കെഎസ്ആർടിസി ജീവനക്കാർ.
ഈ മാസം 15 മുതൽ അനിശ്ചിതകാല സമരം നടത്താനാണ് കെഎസ്ആർടിസി ട്രേഡ് യൂണിയന്റെ തീരുമാനം. ശമ്പളപരിഷ്കരണം വൈകുന്നതിനെതിരെ ഈ മാസം 5,6 തീയതികളിൽ കെഎസ്ആർടിസി ജീവനക്കാർ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. ഈ രണ്ട് ദിവസം കൊണ്ട് കെഎസ്ആർടിസിയ്ക്ക് 9.4 കോടി രൂപയുടെ വരുമാന നഷ്ടമാണുണ്ടായത്. പ്രതിമാസം 80 കോടിയോളം രൂപയാണ് ശമ്പള വിതരണത്തിന് വേണ്ടത്.
Comments