താമരശ്ശേരിയിൽ കഴിഞ്ഞ ദിവസം വളർത്തുനായ്ക്കളുടെ കടിയേറ്റ് വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിനുശേഷം വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ് ‘കില്ലർ ഡോഗ്’ എന്നറിയപ്പെടുന്ന റോട്ട് വീലർ. ലോകത്തിലെ ഏറ്റവും അക്രമണകാരിയായ പട്ടികളിൽ രണ്ടാമതായാണ് റോട്ട് വീലറുകളുടെ സ്ഥാനം.
കൃത്യമായ ട്രെയിനിംഗ് നൽകിയില്ലെങ്കിൽ ഇവ ഉടമസ്ഥരെപ്പോലും അക്രമിക്കും. പൊതുവെ അടങ്ങിയിരിക്കാത്ത ഇവ ശാന്തസ്വഭാവം പ്രകടിപ്പിക്കുന്നതിലും പിറകിലാണ്. ഒരാളുടെ ശ്രദ്ധ ഇവയ്ക്ക് എപ്പോഴും ആവശ്യമാണ്. അല്ലാത്ത പക്ഷം റോട്ട് വീലറുകൾ അക്രമണസ്വഭാവം കാണിക്കും. മനുഷ്യർക്കു നേരെയുള്ള ഉപദ്രവം കൊണ്ടാണ് കില്ലർ ഡോഗ് എന്ന പേര് ലഭിച്ചത്. വീടുകളിൽ വളർത്താൻ പറ്റിയ ഇനമാണെന്നുള്ള വിശേഷണം ഇവയ്ക്കില്ല. ഒഴിവാക്കപ്പെടേണ്ട നായ്ക്കളുടെ കൂട്ടത്തിലും ഒന്നാം സ്ഥാനം ഇവക്കാണ്.
ശരിയായ ട്രെയിനിംഗ് കൊടുത്താൽ ഇവയോടു ചേർന്നുള്ള എന്തിനെയും ഏറ്റവും സുരക്ഷിതമായി സൂക്ഷിക്കാനും ഇവക്കറിയാം. ഒന്നിനെയും പേടിയില്ലാത്ത പ്രകൃതമാണ്. എനർജി വളരെയധികം കൂടുതലാണ് റോട്ട് വീലറുകൾക്ക്. അതിനാൽ ഇടക്കിടക്ക് ഇവയെ വ്യായാമം ചെയ്യിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
8 മുതൽ 10 വയസ് വരെയാണ് റോട് വീലറിന്റെ ആയുർ ദൈർഘ്യം. ആൺ റോട് വീലറുകൾക്ക് 61 മുതൽ 69 സെ.മി വരെ ഉയരവും 43 മുതൽ 59 വരെ ഭാരവും വയ്ക്കും. പെൺ റോട് വീലറുകൾക്ക് 56 മുതൽ 63 സെ.മി വരെ ഉയരവും 38 മുതൽ 52 കിലോ വരെ ഭാരവും വയ്ക്കും. ചരിത്രത്തിൽ റോട് വീലറിന് വലിയ സ്ഥാനമാണുള്ളത്.
ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളുടെ സമയത്ത് പോലീസ് നായ്ക്കളായി ഇതിനെ ഉപയോഗിച്ചിരുന്നു. സന്ദേശവാഹകരായും കാവലിനും ഇവയെ ഉപയോഗിച്ചിട്ടുണ്ട്. ജർമനിയാണ് ഇവയുടെ ജന്മസ്ഥലം. കന്നുകാലികളെ മേയ്ക്കുന്നതിനും വേട്ടയ്ക്കുമാണ് കൂടുതലായും റോട്ട് വീലറുകളെ ഉപയോഗിക്കാറ്. കൽപ്പറ്റയിൽ മൂന്ന് വർഷം മുമ്പ് റോട്ട് വീലറിന്റെ കടിയേറ്റ് വീട്ടമ്മ മരിച്ച സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Comments