തിരുവനന്തപുരം: സുകുമാരക്കുറുപ്പ് താനല്ലെന്ന കുറിപ്പുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പിടികിട്ടാപുള്ളി സുകുമാരക്കുറിപ്പിന്റേയും മന്ത്രിയുടേയും ചിത്രം ചേർത്ത് വെച്ച് ട്രോളുകൾ പ്രചരിച്ചതോടെയാണ് വിശദീകരണ കുറിപ്പുമായി മന്ത്രി എത്തിയത്.
ഇരുവരുടേയും ഫോട്ടോ ഒരുമിച്ച് ചേർത്തുള്ള’എവിടെയോ എന്തോ തകരാറ് പോലെ’ എന്ന ട്രോൾ പോസ്റ്റ് പങ്കുവെച്ചാണ് മന്ത്രിയുടെ പ്രതികരണം. സുകുമാരക്കുറുപ്പും മന്ത്രിയും തമ്മിൽ മുഖസാദൃശ്യമില്ലേയെന്നാണ് ട്രോൾ. ചിത്രം സോഷ്യൽമീഡിയയിൽ വൈറലായി. തുടർന്നാണ് മന്ത്രിയുടെ പ്രതികരണം.
‘ഞാനല്ല സുകുമാര കുറുപ്പ് കേട്ടോ… കുട്ടികളെ ട്രോളിയപ്പോഴും ഞാനിത് പറഞ്ഞതാണ്.. ഇങ്ങിനല്ല രാഷ്ട്രീയം പറയേണ്ടത്’ എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. അടുത്തിടെ സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി കുറുപ്പ് എന്ന പേരിൽ സിനിമ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് കാണാമറയത്തുള്ള സുകുമാരക്കുറിപ്പിനെ കുറിച്ചുള്ള ചർച്ചകൾ സജീവമായത്.
Comments