ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി ഒരു വർഷത്തേയ്ക്ക് കൂടി നീട്ടി. അന്വേഷണ ഏജൻസി മേധാവികളുടെ കാലാവധി നീട്ടാനുള്ള ഓർഡിനൻസ് സർക്കാർ പാസാക്കിയതിന് ശേഷം സർവീസ് നീട്ടി ലഭിക്കുന്ന ആദ്യ ഉദ്യോഗസ്ഥനാണ് മിശ്ര. നാളെ ഔദ്യോഗിക കാലാവധി തീരാനിരിക്കെയാണ് ഈ തീരുമാനം. ഉത്തരവ് പ്രകാരം 2022 നവംബർ 18 വരെയാണ് മിശ്രയുടെ കാലാവധി.
ഇഡി, സിബിഐ ഡയറക്ടർമാർ എന്നിവരുടെ ഔദ്യോഗിക കാലാവധി അഞ്ച് വർഷത്തേക്ക് നീട്ടുന്നത് സംബന്ധിച്ച ഓർഡിനൻസ് കേന്ദ്ര സർക്കാർ പാസാക്കിയിരുന്നു. മുൻപ് രണ്ട് വർഷമായിരുന്നു ഇഡി, സിബിഐ തലവൻമാരുടെ കാലാവധി. ഇതാണ് അഞ്ച് വർഷത്തിലേക്ക് നീട്ടിയത്. ഓർഡിനൻസ് പ്രകാരം കേന്ദ്ര ഏജൻസി തലവൻമാരുടെ കാലാവധി രണ്ട് വർഷത്തിന് ശേഷം ഓരോ വർഷമായി മൂന്ന് തവണ നീട്ടാം.
കഴിഞ്ഞ വർഷം മിശ്രയുടെ കാലാവധി വീണ്ടും നീട്ടി നൽകാനുള്ള തീരുമാനം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച ഹർജിയിൽ വാദം കേട്ട ശേഷം കോടതി ഒരു വർഷം കൂടി കാലാവധി നീട്ടി നൽകാൻ അനുവദിച്ചിരുന്നു. എന്നാൽ പിന്നീട് നീട്ടി നൽകരുതെന്ന് ഉത്തരവിട്ടു. എന്നാൽ പുതിയ ഓർഡിനൻസിന്റെ പശ്ചാത്തലത്തിൽ നിയമനത്തിന് നിയമസാധുത ലഭിക്കും.
Comments