ആലപ്പുഴ : ചാത്തനാട് സ്ഫോടക വസ്തുപൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ഗുണ്ടാ സംഘത്തിലെ അംഗവുമായ കണ്ണൻ എന്നറിയപ്പെടുന്ന അരുൺ കുമാർ ആണ് മരിച്ചത്. രാത്രി എട്ടരയോടെയായിരുന്നു സംഭവം.
കഴിഞ്ഞ ദിവസങ്ങളിൽ ചാത്തനാട് മേഖലയിൽ കണ്ണൻ ഉൾപ്പെട്ട ഗുണ്ടാ സംഘവും മറ്റൊരു ഗുണ്ടാ സംഘവുമായി സംഘർഷമുണ്ടായിരുന്നു. തുടർന്ന് ഇന്ന് എതിർ ഗുണ്ടാ സംഘത്തിലെ രാഹുലിനോട് പകവീട്ടാൻ സ്ഫോടകവസ്തുവുമായി എത്തിയതായിരുന്നു കണ്ണൻ. ഇയാൾക്കൊപ്പം ഗുണ്ടാ സംഘത്തിലെ മറ്റുള്ളവരും ഉണ്ടായിരുന്നു.
മേഖലയിൽ തെരച്ചിൽ നടത്തിയെങ്കിലും രാഹുലിനെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മറ്റൊരാളെ ആക്രമിക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് കയ്യിൽ കരുതിയ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ഇയാൾ ആക്രമിക്കാൻ ലക്ഷ്യമിട്ട രാഹുലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. നാടൻ ബോംബ് ആകാം പൊട്ടിത്തെറിച്ചതെന്നാണ് പോലീസ് നിഗമനം. സംഭവ ശേഷം കണ്ണനൊപ്പമുണ്ടായിരുന്ന മറ്റ് ഗുണ്ടകൾ ഓടി രക്ഷപ്പെട്ടു. ഇവർക്കായി പോലീസ് തെരച്ചിൽ നടത്തുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് വൻ പോലീസ് സംഘം വിന്യസിച്ചിട്ടുണ്ട്.
Comments