ജയ്പൂർ : രാജസ്ഥാനിൽ മന്ത്രിമാർ കൂട്ടത്തോടെ രാജിവെച്ചു. മന്ത്രിസഭാ പുന:സംഘടനയുടെ ഭാഗമായാണ് മന്ത്രിമാരുടെ കൂട്ടരാജി . ഭാവി നടപടികൾ ചർച്ച ചെയ്യാൻ ഞായറാഴ്ച സംസ്ഥാന കോൺഗ്രസ് നേതൃത്വം യോഗം ചേരും.
മന്ത്രിമാർ രാജിവെച്ച വിവരം കോൺഗ്രസ് എംപി പ്രതാപ് സിംഗ് ഖാച്ചരിയാവാസ് ആണ് അറിയിച്ചത്. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പിസിസി യോഗം ചേരും. മന്ത്രിസഭാ പുന:സംഘടനയ്ക്കായുള്ള മുഴുവൻ നടപടികളും ഇതിനോടകം തന്നെ പൂർത്തിയായി. ഇതും അതിന്റെയൊരു ഭാഗമാണ്. പിസിസി യോഗത്തിൽ എംഎൽഎമാർക്ക് കൂടുതൽ നിർദ്ദേശങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് – സച്ചിൻ പൈലറ്റ് അസ്വാരസ്യങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നത്. സച്ചിൻ പൈലറ്റിനെ പിന്തുണയ്ക്കുന്ന കൂടുതൽ പേരെ ഉൾപ്പെടുത്തിയാകും പുതിയ മന്ത്രിസഭ എന്നാണ് സൂചന. ഇതിന് പുറമേ ഒരു നേതാവിന് ഒരു പദവി എന്ന രീതിയിലേക്ക് ചുമതലകൾ നൽകുകയും പുന:സംഘടനയുടെ ലക്ഷ്യമാണ്.
പുന:സംഘടനയുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ മൂന്ന് മന്ത്രിമാർ തങ്ങളുടെ സ്ഥാനം രാജിവെക്കുന്നതായി അറിയിച്ച് സോണിയാ ഗാന്ധിയ്ക്ക് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മുഴുവൻ മന്ത്രിമാരും രാജിവെക്കുന്നത്.
Comments