ന്യൂഡൽഹി: രാജ്യത്തെ സ്വയംസഹായ സംഘങ്ങളിലെ വനിതകളുടെ ഉന്നമനത്തിന് പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ. സ്വയം സഹായ സംഘങ്ങളിലെ വനിതകൾക്ക് പ്രതിവർഷം ഒരുലക്ഷം രൂപ സമ്പാദിക്കുന്നതിനുള്ള ഉപജീവന പദ്ധതിയാണ് ആരംഭിക്കാനൊരുങ്ങുന്നത്. മഹിളാ കിസാൻ ശക്തീകര പരിയോജൻ എന്നാണ് പദ്ധതിയുടെ പേര്.സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം പദ്ധതി നടപ്പാക്കും.6,768 ബ്ലോക്കുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
കൃഷി,വാണിജ്യ സംരംഭങ്ങളിലൂടെ രണ്ടുവർഷത്തിനുള്ളിൽ രണ്ടരകോടി വനിതകൾക്ക് ഒരുലക്ഷം രൂപ വാർഷിക വരുമാനം നേടുന്നതിനാണ് കേന്ദ്ര സർക്കാർ വഴി ഒരുക്കുന്നത്.
ഇതിനായി, വിവിധ സംഘടനകൾ, കൃഷിവിജ്ഞാനകേന്ദ്രങ്ങൾ, സ്വകാര്യ വിപണി എന്നിവയുടെ പിന്തുണയോടെ ആവശ്യമായ പരിഷ്കാരങ്ങൾ സ്വയംസഹായസംഘങ്ങളുടെ പ്രവർത്തനങ്ങളിൽ നടപ്പാക്കണമെന്ന് സംസ്ഥാന ഗ്രാമ വികസന,തദ്ദേശ വകുപ്പുകളോട് കേന്ദ്ര മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.ദീൻദയാൽ അന്ത്യോദയ യോജന, മഹിള കിസാൻ ശക്തീകര പരിയോജൻ തുടങ്ങിയവയും സ്വാശ്രയസംഘങ്ങളുടെ വരുമാനവർധനയ്ക്കായി നിലകൊള്ളും.
രാജ്യത്ത് നിലവിൽ 70 ലക്ഷം സ്വയംസഹായ സംഘങ്ങളിലായി 7.7 കോടി വനിതകളുണ്ട്. ബാങ്ക് ലിങ്കേജ് വായ്പകളുടെ പിന്തുണയോടെയാണ് തൊഴിൽ സംരംഭങ്ങൾ പ്രവർത്തിക്കുന്നുത്. പ്രതിവർഷം 8,000 കാേടിയിലധികം രൂപ സാശ്രയ സംഘങ്ങൾക്ക് ബാങ്കുകൾ മൂലധന സഹായമായി നൽകുന്നുണ്ട്. എന്നാൽ വ്യക്തമായ ആസൂത്രണ കുറവ് മൂലം നിശ്ചിത വരുമാനം നേടുന്നതിൽ സംഘങ്ങൾ പിറകിലാണ്.
Comments