കൊച്ചി: സഞ്ജിത്തിന്റെ കൊലപാതക കേസിൽ പോലീസ് കുറ്റവാളികളെ പിടിക്കാതിരിക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. കൊലപാതകത്തിൽ പുറമേ നിന്നുള്ള ഇടപെടലുകൾ വ്യക്തമാണ്. തീവ്രവാദ സംഘടനകൾക്ക് കൊലപാതകവുമായി ബന്ധമുണ്ട്. അതുകൊണ്ട് തന്നെ കേസ് അന്വേഷണം എൻ.ഐ.എ ഏറ്റെടുക്കണമെന്നും ബി.ജെ.പി ആവശ്യപ്പെടും. വയനാട്ടിൽ ബി.ജെ.പി സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനത്തിന് ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം സംഭവത്തിൽ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് ഇന്ന് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പാലക്കാട് സ്വദേശി സുബൈർ, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരാണ് പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാകും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുക. മുണ്ടക്കയത്തു നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. മുണ്ടക്കയത്തെ ബേക്കറി തൊഴിലാളിയാണ് സുബൈർ. സഞ്ജിത്തിന്റെ കൊലപാതകത്തിന് ശേഷം സുബൈറിനൊപ്പം മുണ്ടക്കയത്ത് ഒളിവിൽ കഴിയാൻ എത്തിയതായിരുന്നു സലാമും ഇസ്ഹാക്കും. സുബൈറിന്റെ മുറിയിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. നാല് മാസങ്ങൾക്ക് മുൻപാണ് സുബൈർ ഇവിടെ ജോലിക്ക് എത്തിയത്.
Comments