ഭോപ്പാൽ : ഭാര്യയൊടുള്ള അടങ്ങാത്ത പ്രണയം കാരണം അനശ്വര പ്രണയത്തിന്റെ പ്രതീകമായ താജ്മഹലിന്റെ മാതൃകയിൽ വീട് നിർമ്മിച്ച് ഭർത്താവ്. മദ്ധ്യപ്രദേശിലെ ബർഹാൻപൂരിലാണ് ഈ വിചിത്രമായ സംഭവം നടന്നത്. ആനന്ദ് ചോക്സെ എന്നയാളാണ് ഭാര്യയ്ക്ക് സ്നേഹ സമ്മാനമായി താജ്മഹൽ തന്നെ പണിത് നൽകിയത്.
മൂന്ന് വർഷം എടുത്താണ് താജ്മഹൽ മാളികയുടെ നിർമ്മാണം പൂർത്തിയാക്കിയത്. തന്റെ നാട്ടിൽ എന്തുകൊണ്ട് താജ്മഹൽ ഇല്ല എന്ന ചിന്തയാണ് അദ്ദേഹത്തെ പുതിയ താജ് മഹൽ നിർമ്മിക്കാൻ പ്രേരിപ്പിച്ചത്. ആഗ്രയിലുള്ള യഥാർത്ഥ താജ് മഹലിന്റെ വലിപ്പമില്ലെങ്കിലും ചോക്സെയുടെ താജ്മഹൽ ഗാംഭീര്യത്തിൽ ഒട്ടും പുറകിലല്ല. താജ് മഹലിനെക്കുറിച്ച് പൂർണമായും പഠിച്ച ശേഷമാണ് അദ്ദേഹം വീടിന്റെ നിർമ്മാണം ആരംഭിച്ചത്.
29 അടി ഉയരമാണ് കെട്ടിടത്തിനുള്ളത്. ബംഗാളിൽ നിന്നും ഇൻഡോറിൽ നിന്നും ശിൽപ്പികളെ എത്തിച്ച് വീടിനുള്ളിലെ കൊത്തുപണികൾ നടത്തി. വീടിന് മുന്നിൽ താജ് മഹൽ മാതൃകയിൽ ഗോപുരങ്ങളുണ്ട്. രാജസ്ഥാനിൽ നിന്നുള്ള മക്രാന കൊണ്ടാണ് നിലം നിർമ്മിച്ചിരിക്കുന്നത്. വീട്ടിലെ ഫർണീച്ചർ സജ്ജമാക്കിയിരിക്കുന്നത് മുംബൈയിൽ നിന്നുള്ള മരപ്പണിക്കാരാണ്.
നാല് മുറികളാണ് വീട്ടിലുള്ളത്. ലൈബ്രറിയും മെഡിറ്റേഷൻ റൂമുമുണ്ട്. രാത്രികാലങ്ങളിൽ ലൈറ്റ് തെളിയിച്ചാൽ ഒരു കൊച്ചു താജ് മഹൽ ആണെന്നേ പറയൂ.
Comments