ജയ്പൂർ: വിവാദ പരാമർശവുമായി രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎ രാജേന്ദ്ര സിംഗ് ഗുദ്ധ. തന്റെ നിയമസഭ മണ്ഡലത്തിലെ റോഡുകൾ കത്രീന കൈഫിന്റെ മുഖത്തിന് സമാനമാകണം എന്നാണ് കോൺഗ്രസ് എംഎൽഎയുടെ പരാമർശം.
രാജസ്ഥാനിലെ ഉഡായ്പൂർവതിയിൽ നിന്നുള്ള എംഎൽഎയാണ് രാജേന്ദ്ര സിംഗ് ഗുദ്ധ. റോഡുകളെക്കുറിച്ച് നാട്ടിലെ ജനങ്ങൾ പരാതി ഉന്നയിച്ചപ്പോഴാണ് വേദിയിലിരിക്കുന്ന എഞ്ചിനീയറോട് എംഎൽഎ വിവാദ പരാമർശം നടത്തിയത്.
ആദ്യം ഹേമ മാലിനിയുടെ കവിളിനോടായിരുന്നു റോഡുകളെ എംഎൽഎ ഉപമിച്ചത്. തന്റെ മണ്ഡലത്തിലെ റോഡുകൾ ഹേമമാലിനിയുടെ കവിളിന് സമാനമാക്കണം. വേണ്ട, അവർക്ക് വയസായി, ഈ കാലഘട്ടത്തിൽ പ്രശസ്തയായി നിൽക്കുന്ന നടി ഏതാണ്? എംഎൽഎ നാട്ടുകാരോട് ചോദിച്ചു. കൂട്ടം കൂടി നിന്നവർ കത്രീന കൈഫ് എന്ന് ഉച്ചത്തിൽ പറഞ്ഞു. എങ്കിൽ നാട്ടിലെ റോഡുകൾ കത്രീന കൈഫിന്റെ കവിളുകൾക്ക് സമാനമാക്കണമെന്ന് കോൺഗ്രസ് എംഎൽഎ എഞ്ചിനീയറോട് ആവശ്യപ്പെട്ടു.
വേദിയിൽ നിന്ന് കൊണ്ട് റോഡുകളെക്കുറിച്ച് വിശദീകരിക്കുന്ന രാജേന്ദ്ര സിംഗ് ഗുദ്ധയുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. സ്ത്രീകളുടെ കവിളിനെ റോഡിനോട് ഉപമിച്ചതിൽ കടുത്ത വിമർശനമാണ് എംഎൽഎക്കെതിരെ ഉയരുന്നത്.
Comments