തൃശൂർ: കേരളം ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. ഓരോ രാഷ്‌ട്രീയ കൊലപാതകങ്ങൾക്ക് പിന്നിലും തീവ്രവാദ സംഘടനകൾക്കുള്ള പങ്ക് വ്യക്തമാണ്. എന്നിട്ടും അന്വേഷണ ഏജൻസികൾ വിവരം മറച്ചുവെക്കുകയും സർക്കാർ അതിന് കൂട്ടു നിൽക്കുകയുമാണെന്ന് എംടി രമേശ് പറഞ്ഞു.
തൃശ്ശൂരിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകര പ്രവർത്തനങ്ങളിലെ എസ്ഡിപിഐ-സിപിഎം കൂട്ടുകെട്ടിനെതിരെ ബിജെപി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രക്ഷോഭത്തോടനുബന്ധിച്ചായിരുന്നു ധർണ.
ബിജെപിയുടേയും ആർഎസ്എസിന്റേയും പ്രവർത്തകർ ഇഇവിടെ കൊല്ലപ്പെടുന്നുണ്ട്. ഓരോ കൊലപാതകത്തിന് പിന്നിലുമുള്ള മുസ്ലിം തീവ്രവാദ സംഘടനകളുടെ പങ്ക് പോലീസിന് വ്യക്തമാണ്. എന്നാൽ ആവശ്യമായ തെളിവുകൾ കിട്ടിയാലും അവരുടെ ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ സാധിക്കുന്നില്ല. പുറത്തുനിന്ന് അവർക്ക് കിട്ടുന്ന സഹായങ്ങൾ സംബന്ധിച്ചും അന്വേഷണം നടക്കുന്നില്ല. അത് കണ്ടെത്താൻ അന്വേഷണ ഏജൻസികളെ ഭരണകൂടം നിർബന്ധിക്കുന്നുമില്ല. അതുകൊണ്ടാണ് സർക്കാരിന്റെ സഹായത്തോടെ എസ്ഡിപിഐയും പോപുലർഫ്രണ്ടും പ്രവർത്തിക്കുകയാണെന്ന് ബിജെപി ആവർത്തിക്കുന്നതെന്നും എംടി രമേശ് വ്യക്തമാക്കി.
Comments