കോർഡോബ: കാലാവസ്ഥാ വ്യതിയാനം മനുഷ്യന് ചില മുന്നറിയിപ്പുകളാണ് നൽകുന്നത്. ആഗോളതാപന ഫലമായി കാലാവസ്ഥയിലുണ്ടാകുന്ന അസാധാരണ മാറ്റങ്ങളെയാണ് കാലാവസ്ഥാവ്യതിയാനം എന്നു പറയുന്നത്. മനുഷ്യന്റെ പ്രകൃതിയിലെ ഇടപെടലുകൾ, ഭൂഖണ്ഡങ്ങളുടെ സ്ഥാനചലനം, അഗ്നിപർവതങ്ങൾ, ഭൂമിയുടെ ചരിവ്, സമുദ്രത്തിലെ പ്രവാഹങ്ങൾ മുതലായവയും ഇതിൽ ഒരു പങ്കുവഹിക്കുന്നുണ്ട്. ഇപ്പോഴിതാ കാലാവസ്ഥാ വ്യതിയാനം മൂലം രൂപപ്പെട്ട മഴമേഘക്കൂട്ടത്തിന്റെ ചിത്രങ്ങളെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ച.
മമാന്റ്സ് മേഘങ്ങൾ എന്നറിയപ്പെടുന്ന സഞ്ചിമേഘമാണിതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. കോർഡോബിലെ കാസാ ഗ്രാൻഡെയിലാണ് വിചിത്ര മേഘം പ്രത്യക്ഷപ്പെട്ടത്. ആകാശത്ത് മഞ്ഞ് പന്തുകൾ തൂങ്ങിക്കിടക്കുന്നത് പോലെയാണ് ഇവ പ്രത്യക്ഷമായതെന്ന് പ്രദേശവാസികൾ പറയുന്നു. ഗോളാകൃതിയിൽ രൂപ്പപെടുന്ന മേഘക്കൂട്ടങ്ങളാണിവ. ഇതിന് പിന്നാലെ ശക്തമായ ഇടിമിന്നലോടുകൂടിയ മഴയും കനത്ത ആലിപ്പഴ വീഴ്ച്ചയും ഉണ്ടായി.
കനത്ത പേമാരിയ്ക്കും കൊടുങ്കാറ്റിനും മുന്നോടിയായി ഇത്തരത്തിലുള്ള മേഘക്കൂട്ടങ്ങൾ രൂപപ്പെടാറുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. കാസാ ഗ്രാൻഡെയിൽ പ്രത്യക്ഷപ്പെട്ട മേഘങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. രണ്ട് മാസം മുൻപ് ചൈനയിലെ ഹീബെ പ്രവിശ്യയിലും ഇത്തരത്തിൽ മമാന്റ്സ് മേഘങ്ങൾ രൂപപ്പെട്ടിരുന്നു.
Comments