ഈണങ്ങളിന്മേൽ അനായാസം ഗാനം രചിക്കുന്ന പ്രതിഭയായിരുന്നു ബിച്ചു തിരുമല. നാനൂറിലേറെ സിനിമകളിലും കാസറ്റുകളിലുമായി അയ്യായിരത്തോളം ഗാനങ്ങളാണ് അദ്ദേഹം രചിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ കാവ്യഭംഗിയുള്ള ഗാനങ്ങൾ രചിക്കുന്നതിൽ പ്രഗത്ഭനായിരുന്നു അദ്ദേഹം. കേവലം വാക്കുകൾ എന്നതിനപ്പുറം സന്ദർഭത്തിനോട് ചേർന്നു നിൽക്കുന്ന അർത്ഥവത്തായ മനോഹരമായ വരികളായിരുന്നു അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളിലും ഉണ്ടായിരുന്നത്. തട്ടുപൊളിപ്പൻ വാക്കുകളോ പ്രയോഗങ്ങളോ അദ്ദേഹത്തിന്റെ പാട്ടുകളിൽ കാണാനാകില്ലായിരുന്നു. കുഴപ്പിക്കുന്ന ഈണങ്ങളിൽ നിസാരമായി ഗാനം രചിക്കുന്ന കഴിവ് വ്യക്തമാക്കുന്നതാണ് യോദ്ധ സിനിമയിലെ പടകാളി ചണ്ഡി ചങ്കരി പോർക്കലി എന്ന ഗാനം. എ.ആർ.റഹ്മാന്റെ സംഗീതത്തിലൊരുങ്ങിയ ഗാനം ഇന്നത്തെ തലമുറയ്ക്കും ഏറെ പ്രിയങ്കരമാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പർഹിറ്റ് പാട്ടുകളിലൊന്നാണ് റഹ്മാൻ-ബിച്ചുതിരുമല കൂട്ടുകെട്ടിൽ പിറന്നത്.
തൈപ്പറമ്പിൽ അശോകനും അരശുംമൂട്ടിൽ അപ്പുക്കുട്ടനും വീറോടെ ഏറ്റുമുട്ടുന്ന വേദിയിൽ ഉരുളക്ക് ഉപ്പേരി കണക്കെയാണ് ഓരോ പദങ്ങളും വന്ന് കൊണ്ടിരിക്കുന്നത്. ഗാനത്തിന്റെ സന്ദർഭം സംവിധായകൻ വിവരിച്ച് തന്നപ്പോൾ തന്നെ ഭദ്രകാളിയുടെ രൂപമാണ് മനസിലേക്ക് എത്തിയതെന്ന് ബിച്ചുതിരുമല ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ദേവിയുടെ പര്യായപദങ്ങൾ ഒന്നൊന്നായി ചേർത്തുവച്ചാണ് പാട്ട് ക്രമീകരിച്ചിരിക്കുന്നത്. മഹാകവി നാലാങ്കലിന്റെ ‘മഹാക്ഷേത്രങ്ങൾക്ക് മുന്നിൽ’ എന്ന പുസ്തകവും പാട്ട് എഴുതുന്ന ഘട്ടത്തിൽ തുണയായതായി അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പടകാളി, പോർക്കലി, ചണ്ഡി, മാർഗിനി എന്നു തുടങ്ങി ദേവിയുടെ പര്യായപദങ്ങളാണ് ആദ്യവരി മുഴുവൻ. രണ്ടാമത്തെ വരിയാകട്ടെ ആരാധനയുമായി ബന്ധപ്പെട്ട് പറമേളം, ചെണ്ട, ചേങ്കില, ധിം തുടി മദ്ദളം തുടങ്ങിയ വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്നും സ്റ്റേജ് ഷോകളിലും മത്സരവേദികളിലുമെല്ലാം പാടിക്കേൾക്കാറുള്ള പാട്ടാണ് ഇത്.
എന്നാൽ പാട്ടിന്റെ വരികൾ പലരും ഇപ്പോൾ തെറ്റായി പാടിക്കേൾക്കുന്നത് ഏറെ സങ്കടമുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പോർക്കലി മാർഗിനി എന്ന വരിക്ക് പകരം പലരും ഇപ്പോൾ പോക്കിരി മാക്കിരി എന്നാണ് ഉപയോഗിക്കുന്നത്. പടകാളി എന്ന് പറഞ്ഞാൽ ഭദ്രകാളി, ചണ്ഡി എന്ന് പറഞ്ഞാലും ഭദ്രകാളി തന്നെ. ഇനി ചങ്കരി അഥവാ ശങ്കരി എന്ന് പറഞ്ഞാൽ ശങ്കരന്റെ അതായത് പരമശിവന്റെ ഭാര്യ. പോർക്കലി എന്നാൽ പോരിൽ കലി തുള്ളുന്നവൾ എന്നാണ് അർത്ഥം. മാർഗനി എന്നാൽ മാർഗ്ഗനിർദ്ദേശം നൽകുന്നവൾ. ഇതെല്ലാം ദേവിയുടെ പര്യായപദങ്ങളാണ്. പക്ഷെ ഇത് എല്ലാവരും പാടിപ്പാടി പോക്കിരി മാക്കിരി എന്നൊക്കെയാക്കിക്കളഞ്ഞുവെന്നാണ് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞത്.
Comments