ന്യൂഡൽഹി:കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.14 പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിലെ ഭരണഘടനാ ദിന പരിപാടി ബഹിഷ്ക്കരിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വിമർശനം.
കോൺഗ്രസിൽ കുടുംബ വാഴ്ചയാണ് നടക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. ഒരു കുടുംബം നിരവധി തലമുറകളായി ഒരു പാർട്ടി നടത്തുകയാണെങ്കിൽ, അത് ആരോഗ്യകരമായ ജനാധിപത്യത്തിന് നല്ലതല്ല. തലമുറകളായി ഒരു കുടുംബം തന്നെ നയിക്കുന്ന പാർട്ടിയെ കുറിച്ച് താൻ കൂടുതലൊന്നും പറയേണ്ടതില്ലല്ലോയെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഭരണഘടനാദിനത്തിൽ ഇന്ത്യൻ സ്വതന്ത്ര്യത്തിനായി പൊരുതിയ മഹാത്മാഗാന്ധി അടക്കമുള്ള സ്വാതന്ത്ര്യ സമരസേനാനികൾക്ക് ആദരമർപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്രീകൾക്ക് വോട്ടവകാശം മാത്രമല്ല ഇന്ത്യ നൽകിയിരിക്കുന്നതെന്ന് പറഞ്ഞു. ഭരണഘടന തയ്യാറാക്കുന്നതിലും അവർ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി ഓർമ്മിച്ചു. രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്കിൽ ഭരണഘടനയാണ് ഏറ്റവും നിർണായകമായ പങ്കുവഹിച്ചതെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
പാർലമെന്റിന്റെ സെന്റർ ഹാളിൽ നടന്ന ഭരണഘടന ദിനാചരണം ബഹിഷ്കരിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. പരിപാടി ബഹിഷ്കരിക്കാനുള്ള കോൺഗ്രസ് തീരുമാനത്തോട് പ്രതിപക്ഷ പാർട്ടികൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു.
Comments