അഗർത്തല: വെറുപ്പ് ഒരിക്കലും ജയിക്കില്ലെന്ന് രാഹുൽ ഗാന്ധി. ത്രിപുര തദ്ദേശതെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയതിനിടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ത്രിപുരയിൽ ഇത്തവണ അട്ടിമറി സ്വപ്നവുമായി എത്തിയ പ്രതിപക്ഷ പാർട്ടികൾക്ക് നിരാശയായിരുന്നു ഫലം. ട്വീറ്റിലൂടെ പ്രതിപക്ഷ പാർട്ടികളോട് തങ്ങളോട് കൂടെ നിൽക്കാൻ പരോക്ഷമായി ആവശ്യപ്പെടുകയാണ് രാഹുൽ. അതേസയമം ത്രിപുരയിൽ ഒരു സീറ്റ് പോലും കോൺഗ്രസിന് നേടാനായില്ലെന്നത് ശ്രദ്ധേയം.
‘വിദ്വേഷം വിജയിക്കില്ല – വിശ്വാസം പുലർത്തുക’. ഉപേക്ഷിക്കരുത്, തളരരുത്, സ്റ്റേ യുണൈറ്റഡ് എന്നീ ഹാഷ്ടാഗുകൾ ചേർത്ത് രാഹുൽ ഗാന്ധി പറഞ്ഞു. പാർലമെന്റിലെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി തോറ്റ് തുന്നംപാടിയ എല്ലാ പ്രതിപക്ഷ പാർട്ടികളേയും ഒരുമിച്ച് നിർത്താനുള്ള കോൺഗ്രസിന്റെ തന്ത്രമായാണ് ട്വീറ്റിനെ കാണുന്നത്.
അതിനിടെ പ്രതിപക്ഷ പാർട്ടികളുടെ യോഗം മല്ലികാർജ്ജുൻ ഖാർഗെ വിളിച്ചു ചേർത്തിട്ടുണ്ട്. എല്ലാ പ്രതിപക്ഷ പാർട്ടി നേതാക്കളോടും യോഗത്തിൽ പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ബിജെപിയ്ക്കെതിരെ ശബ്ദമുയർത്താൻ ഈ കൂടിച്ചേരൽ കൂടുതൽ ശക്തി നൽകുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.
ത്രിപുരയിലെ 13 മുനിസിപ്പൽ കൗൺസിലുകൾ, അഗർത്തല കോർപ്പറേഷനിലെ 51 വാർഡുകൾ, ആറ് നഗര പഞ്ചായത്തുകൾ എന്നിവ ഉൾപ്പെടെ 334 സീറ്റുകളിലേക്കാണ് ത്രിപുരയിൽ തിരഞ്ഞെടുപ്പ് നടന്നത്. ബിജെപി കൂടാതെ തൃണമൂൽ കോൺഗ്രസ്, സിപിഐ, സിപിഎം എന്നീ പാർട്ടികളാണ് പ്രധാനമായും മത്സരത്തിനുണ്ടായിരുന്നത്. എല്ലാ സീറ്റുകളിലും മത്സരിച്ച ഭരണകക്ഷിയായ ബിജെപി മുന്നിട്ട് നിൽക്കുകയാണ്.
Comments