ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ലോക്സഭ ഇന്ന് പാസാക്കും. പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്ന ഇന്ന് തന്നെ കാർഷികനിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ സഭയിൽ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ പാർലമെന്റിൽ ബിൽ അവതരിപ്പിക്കും. മൂന്ന് കാർഷിക നിയമങ്ങളാണ് പിൻവലിക്കുന്നത്.
കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുൾപ്പെടെ 26 ബില്ലുകൾ ശീതകാലസമ്മേളനത്തിൽ അവതരിപ്പിക്കും. ക്രിപ്റ്റോ കറൻസി നിയന്ത്രണ ബിൽ, നഴ്സിങ് കൗൺസിൽ ബിൽ, നർക്കോട്ടിക് ഡ്രഗ് ആൻഡ് സൈക്കോട്ടിക് സബ്സ്റ്റൻസ് ബിൽ, സെൻട്രൽ വിജിലൻസ് കമ്മീഷൻ(ഭേദഗതി)ബിൽ എന്നിവ ഇക്കൂട്ടത്തിലുണ്ട്. ഡിസംബർ 23വരെ നീളുന്ന സമ്മേളനത്തിൽ 20 ദിവസമാണ് സഭാനടപടികൾ ഉണ്ടാവുക.
കർഷക സംഘടനകളുടെ ആവശ്യമായ മിനിമം താങ്ങുവില സംബന്ധിച്ച നിയമത്തിനായി സഭയിൽ പ്രതിഷേധമുയർത്തുമെന്ന് പ്രതിപക്ഷ സംഘടനകൾ വ്യക്തമാക്കിയിരുന്നു. ബിജെപിയും കോൺഗ്രസും എംപിമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്.
Comments