ന്യൂഡല്‍ഹി: കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണിനെ കുറിച്ച് ആശങ്ക പടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് സംസ്ഥാനങ്ങളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. നിലവിലെ സ്ഥിതിഗതികളും എടുക്കേണ്ട മുന്നൊരുക്കങ്ങളെ കുറിച്ചും യോഗത്തില്‍ വിലയിരുത്തും. പല രാജ്യങ്ങളിലും ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് അടിയന്തര കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ ഇതുവരെ ഒമിക്രോണ്‍ ബാധിച്ച കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ അതീവ ജാഗ്രത തുടരുകയാണ്. വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരെ വിശദ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെ കുറിച്ചും യോഗത്തില്‍ അവലോകനം ചെയ്യും.
ഒമിക്രോണ്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ രാജ്യാന്തര യാത്രക്കാര്‍ക്കുള്ള കൊറോണ മാര്‍ഗരേഖ ആരോഗ്യമന്ത്രാലയം പരിഷ്കരിച്ചിരുന്നു. ഒമിക്രോണ്‍ വകഭേദം നവംബര്‍ 24നാണു സ്ഥിരീകരിച്ചതെങ്കിലും ഇതിനു മുന്‍പേ തന്നെ വകഭേദം വഴി കോവിഡ് വന്നവര്‍ മറ്റു രാജ്യങ്ങളിലേക്കു പോയിരിക്കാമെന്നു വിലയിരുത്തിയാണ് മുന്‍പു വിദേശത്തു നിന്നെത്തിയവരുടെയും യാത്രാപശ്ചാത്തലം പരിശോധിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചത്. യു.കെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാന്‍ഡ്, സിംബാബ്വെ, സിങ്കപ്പൂര്‍, ഹോങ്കോങ്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്.
Comments