ഡിസംബർ എത്തിയതോടെ ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങുകയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ. ക്രിസ്മസിന് ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ക്രിസ്മസ് ട്രീ. മുതിർന്നവരേക്കാൾ കുട്ടികളായിരിക്കും ക്രിസ്മസ് ട്രീ ഒരുക്കാനൊക്കെ ആദ്യമേ ഇറങ്ങി പുറപ്പെടുക. ലൈറ്റുകൾ, ബലൂണുകൾ, ചെറിയ രൂപങ്ങൾ, കളർ പന്തുകൾ തുടങ്ങിയവ എല്ലാം ഉപയോഗിച്ച് ക്രിസ്മസ് ട്രീ അലങ്കരിക്കുന്നത് എല്ലാവർക്കും വലിയ സന്തോഷമുള്ള കാര്യമാണ്. പക്ഷേ ക്രിസ്മസ് ട്രീയിൽ ഒരു വലിയ പാമ്പ് കയറിയിരുന്നാലുള്ള അവസ്ഥ എന്താകും, അതും കൊടുംവിഷമുള്ള ഒരു പാമ്പാണെങ്കിൽ പിന്നെ പറയുകയും വേണ്ട. അത്തരമൊരു അവസ്ഥ വന്നത് ഓസ്ട്രേലിയയിലെ ഒരു കുടുംബത്തിനാണ്.
അഡ്ലെയ്ഡിൽ നിന്നുള്ള കുടുംബമാണ് ക്രിസ്മസ് ട്രീ അലങ്കരിക്കുന്നതിനിടെ, അതിനിടയിൽ ഒളിച്ചിരുന്ന പാമ്പിനെ കണ്ടത്. കൊടുംവിഷമുള്ള ബ്രൗൺ സ്നേക്ക് എന്ന പാമ്പാണ് അലങ്കാര വസ്തുക്കൾക്കിടയിലായി ഒളിച്ചിരുന്നത്. ഇതിന്റെ കടി മരണത്തിന് വരെ കാരണമായേക്കാം. മരത്തിന്റെ ഉള്ളിൽ കൂടി ചുറ്റിയിരുന്നതിനാൽ വളരെ വൈകി മാത്രമാണ് കുടുംബം ഇതിനെ കണ്ടതും. ബ്രൗൺ സ്നേക്ക് ആണെന്ന് മനസിലായതോടെ കുടുംബം ഉടനെ തന്നെ പാമ്പ് പിടുത്തക്കാരെ വിവരം അറിയിച്ചു. ജറദ് വെയ് എന്നയാളാണ് പാമ്പിനെ വിദഗ്ധമായി നീക്കം ചെയ്തത്. പാമ്പിനെ കൃത്യസമയത്ത് കണ്ടത് കൊണ്ട് വലിയ അപകടം ഒഴിവായെന്നും ഇയാൾ പറഞ്ഞു. പാമ്പിനെ പിന്നീട് സുരക്ഷിത സ്ഥാനത്ത് തുറന്ന് വിട്ടു. തണുപ്പുകാലമായതിനാൽ ചൂട് തേടി പാമ്പ് ഇവിടേക്ക് എത്തിയതാകാമെന്നാണ് നിഗമനം.
Comments