ഇന്ത്യക്കാർ ഏറ്റവുമധികം തിരഞ്ഞ വ്യക്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് യാഹു. 2021 ലെ റിവ്യൂ റിപ്പോർട്ടാണ് യാഹു പുറത്തുവിട്ടത്. ഏറ്റവുമധികം പേർ തിരഞ്ഞ രണ്ടാമത്തെ വ്യക്തി ക്രിക്കറ്റ് താരം വിരാട് കോഹ്ലിയാണ്.
2017 ൽ മുതൽ യാഹുവിന്റെ ഏറ്റവുമധികം സേർച്ച് ചെയ്യപ്പെട്ട വ്യക്തികളുടെ പട്ടികയിൽ പ്രധാനമന്ത്രി ഇടം പിടിക്കുന്നുണ്ട്. കഴിഞ്ഞ വർഷം മാത്രമാണ് അദ്ദേഹം പിന്നോട്ട് പോയത്. ആത്മഹത്യ ചെയ്ത ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജപുത്താണ് കഴിഞ്ഞ വർഷം ഒന്നാം സ്ഥാനത്തെത്തിയത്.
അതേസമയം കർഷക പ്രതിഷേധമാണ് രാജ്യത്തെ ആളുകൾ ഏറ്റവുമധികം തിരഞ്ഞ സംഭവം. ആഢംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ കൂടുതൽ സേർച്ച് ചെയ്യപ്പെട്ട വ്യക്തികളുടെ പട്ടികയിൽ ഇടം നേടി. ഏഴാം സ്ഥാനത്താണ് ആര്യൻ ഖാനുള്ളത്. ഏറ്റവും കൂടുതൽ തിരഞ്ഞ സെലിബ്രിറ്റി ബിഗ് ബോസ് താരം സിദ്ധാർത്ഥ് ശുക്ലയാണ്. അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.
ഏറ്റവുമധികം തിരഞ്ഞ രാഷ്ട്രീയനേതാക്കളിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് രാഹുൽ ഗാന്ധിയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തിയിട്ടുണ്ട്. അതേസമയം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മൂന്നാം സ്ഥാനത്തുണ്ട്.
Comments