കൊച്ചി: അന്തരിച്ച ചെങ്ങന്നൂർ മുൻ എം.എൽ.എ കെ.കെ.രാമചന്ദ്രൻ നായരുടെ മകൻ ആർ.പ്രശാന്തിന് സർക്കാർ ആശ്രിത നിയമനം നൽകിയത് ഹൈക്കോടതി റദ്ദാക്കി. പാലക്കാട് സ്വദേശി അശോക് കുമാർ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി. എഞ്ചിനിയറിംഗ് ബിരുദധാരിയായ പ്രശാന്തിനെ പൊതുമരാമത്ത് വകുപ്പിൽ അസി.എഞ്ചിനീയർ തസ്തിക സൂപ്പർ ന്യൂമററിയായി സൃഷ്ടിച്ചാണ് നിയമിച്ചത്. എം.എൽ.എ സർക്കാർ ജീവനക്കാരനല്ലാത്തതിനാൽ മകന് ആശ്രിത നിയമനം നൽകാൻ വ്യവസ്ഥയില്ലെന്ന ഹർജിക്കാരന്റെ വാദം അംഗീകരിച്ചാണ് കോടതി നടപടി.
നിർദിഷ്ട യോഗ്യതയുടെ അടിസ്ഥാനത്തിൽ സർക്കാരിന്റെ പ്രത്യേകം അധികാരം വിനിയോഗിച്ചാണ് നിയമനം നൽകിയതെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. 2018 ലെ മന്ത്രിസഭാ യോഗ തീരുമാനപ്രകാരമാണ് ജോലി നൽകിയതെന്നും പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കോടതിയെ അറിയിച്ചു. എംഎൽഎയുടെ ആശ്രിതന് ജോലി നൽകിയത് കൊണ്ട് പരാതിക്കാരന് ദോഷമായി ഒന്നും സംഭവിക്കില്ലെന്നും പൊതുതാത്പര്യ ഹർജി നിലനിൽക്കില്ലെന്നും സർക്കാർ ചൂണ്ടിക്കാണിച്ചു.
Comments