ജയ്പൂർ: രാജസ്ഥാനിൽ 2023ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജനങ്ങൾക്ക് യാതൊരുവിധ ഉപകാരവുമില്ലാത്ത അശോക് ഗെഹ്ലോട്ട് സർക്കാരിനെ വേരോടെ പിഴുതെറിയണം. രാജസ്ഥാനിൽ ബിജെപി അധികാരത്തിലേറുമെന്നും അമിത് ഷാ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ മുന്നിലെത്തും. കേന്ദ്രസർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തണമെങ്കിൽ ഇവിടെ ബിജെപി അധികാരത്തിലെത്തണം. ബിജെപി സർക്കാർ രൂപീകരിക്കുമെന്നതിനുള്ള തെളിവാണ് ഇന്നിവിടെ തടിച്ചുകൂടിയിരിക്കുന്ന ജനങ്ങളെന്നും രാജസ്ഥാനിൽ താമരവിരിയുമെന്നും അമിത് ഷാ പറഞ്ഞു.
നിരവധി വികസന പ്രവർത്തനങ്ങളാണ് ബിജെപിയുടെ നേതൃത്വത്തിൽ ഇവിടെ നടപ്പാക്കിയിരിക്കുന്നത്. 11 കോടിയിലധികം പൊതു ടോയ്ലറ്റുകൾ, രണ്ട് കോടിയിലധികം വീടുകൾ, 13 കോടി വീടുകൾക്ക് ഗ്യാസ് സിലിണ്ടറുകൾ 60 കോടി ജനങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ചികിത്സാ സൗകര്യങ്ങൾ എന്നിങ്ങനെ നീളുന്നു വികസന പദ്ധതികൾ.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാജസ്ഥാനിൽ എത്തിയതാണ് അമിത് ഷാ. ജയ്പൂരിൽ നടന്ന ബിജെപി സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യങ്ങൾ പറഞ്ഞത്. ഇന്നലെ അദ്ദേഹം പാകിസ്താൻ അതിർത്തിയിലെ ബിഎസ്എഫ് സൈനികരുമായി കൂടിക്കാഴ്ച്ചയും നടത്തിയിരുന്നു.
Comments