നായ്പീതോ: മ്യാൻമറിലെ മുൻ ഭരണാധികാരി ആംഗ് സാൻ സൂ കിയ്‌ക്ക് ജയിൽ ശിക്ഷ. സൈനിക ഭരണകൂടം എടുത്ത കേസിലാണ് കോടതി നാലുവർഷത്തെ ജയിൽ ശിക്ഷ വിധിച്ചത്. കൊറോണ നിയന്ത്രണ ചട്ടം ലംഘിച്ചുവെന്നും പൊതുജനങ്ങളെ അവ പാലിക്കാതിരിക്കാൻ പ്രേരിപ്പിച്ചുവെന്നുമാണ് കേസ്. തെളിവെടുപ്പിൽ കുറ്റം തെളിഞ്ഞെന്നാണ് കോടതി വിധിപ്രസ്താവത്തിൽ പറയുന്നത്.
സൈനിക ഭരണകൂടം അധികാരം പിടിച്ചെടുത്ത ശേഷം സൂ കിയടക്കം നിരവധി നേതാക്കൾ വീട്ടുതടങ്കലിലാണ്. ഇതിനിടെയാണ് രാഷ്‌ട്രീയ ഭാവി തന്നെ ഇല്ലാതാക്കും വിധം ശിക്ഷ വിധിച്ചത്. മ്യാൻമറിലെ നിയമം അനുസരിച്ച് നാലുവർഷം ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവാദമില്ലെന്നതാണ് സൂ കിയെ കുടുക്കാൻ സൈന്യം ഉപയോഗിച്ചിരിക്കുന്ന തന്ത്രം.
കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ ഭരണകക്ഷിക്ക് ഭൂരിപക്ഷം ഉണ്ടായിട്ടും സൈന്യം രാഷ്‌ട്രീയ നേതൃത്വങ്ങളെ വീട്ടുതടങ്കലിലാക്കി ഭരണം പിടിച്ചെടുത്തത്. തുടർന്നുണ്ടായ കലാപത്തിൽ 500 ലേറെ പേരെ സൈന്യം വധിക്കുകയും 3000 ലേറെ പേരെ ജയിലിലടയ്‌ക്കുകയും ചെയ്തു. ലോകരാജ്യങ്ങൾ മ്യാൻമാറിനെതിരെ വ്യാപാര നിരോധനം ഏർപ്പെടുത്തിയെങ്കിലും റഷ്യയും ചൈനയും നിരോധനം പ്രഖ്യാപിച്ചിട്ടില്ല.
Comments