അലക്ഷ്യമായി നാം വലിച്ചെറിയുന്ന വസ്തുക്കൾ പ്രകൃതിക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.പ്രകൃതിയിലെ ജീവജാലങ്ങൾക്ക് ഇത് പലരീതിയിലാണ് ബാധിക്കുന്നത്.ഒഡിഷയിയയിൽ നിന്നുള്ള ഒരു വീഡിയോ ഇത്തരത്തിൽ അശ്രദ്ധമായി മനുഷ്യൻ മാലിന്യങ്ങൾ വലിച്ചെറിയുന്നതിന്റെ ദൂഷ്യഫലങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു.
ഒഡിഷയിലെ പുരിയിൽ നിന്നുള്ള ഒരാൾ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്.
നാല് അടി നീളമുള്ള ഒരു മൂർഖൻ പാമ്പ് ബിയർ ക്യാനിനുള്ളിൽ തല കുടുങ്ങിയതിനെ തുടർന്ന് സ്വതന്ത്രനാകാൻ പാടുപെടുന്നതാണ് വീഡിയോ. മാധിപൂർ ഗ്രാമത്തിലെ നാട്ടുകാരാണ് പാമ്പിനെ കണ്ടത്. വലിച്ചെറിഞ്ഞ ബിയർ ക്യാനിന്റെ തുറന്ന ഭാഗത്ത് മൂർഖൻ പാമ്പിന്റെ തല പൂർണമായും കുടുങ്ങിയതിനാൽ വന്യജീവി ഉദ്യോഗസ്ഥർക്ക് രക്ഷാപ്രവർത്തനം നടത്തേണ്ടി വന്നു.
പാമ്പിനെ ശ്വസിക്കാൻ സഹായിക്കുന്നതിനായി ക്യാനിന്റെ ഒരു വശം മുറിച്ചുമാറ്റുകയായിരുന്നു. മെറ്റൽ ക്യാനിൽ നിന്ന് പാമ്പിന്റെ തല പുറത്തുവന്നതിന് ശേഷം, വിദഗ്ധർ തുറന്ന പ്ലാസ്റ്റിക് ട്യൂബ് ഉപയോഗിച്ച് അതിന്റെ വായ മൂടുകയും ആരെയെങ്കിലും ആക്രമിക്കുന്നത് തടയുകയും ചെയ്തു.
പിന്നീട് പാമ്പിനെ പൂർണമായി മോചിപ്പിക്കാൻ വിദഗ്ധർ ബാക്കിയുള്ള ക്യാൻ മുറിച്ചുമാറ്റി. പാമ്പിനെ മോചിപ്പിക്കാൻ 20 മിനിറ്റിലധികമാണ് സമയമെടുത്തത്. തുടർന്ന് പാമ്പിനേറ്റ പരിക്കുകൾക്ക് ചികിത്സ നൽകിയ ശേഷം വീണ്ടും കാട്ടിലേക്ക് വിട്ടു.
Comments