ചിക്കമഗലൂർ: കർണാടകയിൽ സ്കൂളുകളിൽ കൊറോണ ഭീതി. ചിക്കമഗലൂരുവിലെ ജവഹർ നവോദയ സ്കൂളിൽ 90 വിദ്യാർത്ഥികൾ ഉൾപ്പെടെ 101 പേർക്ക് രോഗം സ്ഥിരീകരിച്ചു. റസിഡൻഷ്യൽ സ്കൂളായ ഇവിടെ 457 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്. ഇതിൽ 59 കുട്ടികൾക്കും 10 അദ്ധ്യാപക-അനദ്ധ്യാപകർക്കും ഇന്നലെ തന്നെ രോഗബാധ സ്ഥിരീകരിച്ചിരുന്നു.
കൊപ്പ താലൂക്കിലാണ് ഈ സ്കൂൾ. രോഗം സ്ഥിരീകരിച്ച കുട്ടികളെ പ്രത്യേകം ബ്ലോക്കുകളിലാക്കി ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. ഇവിടെ കൂടുതൽ കുട്ടികളിലേക്ക് രോഗം പിടിപെടാനുളള സാദ്ധ്യതയും അധികൃതർ കണക്കുകൂട്ടുന്നു.
ഇവരുടെ സാമ്പിളുകൾ ജനിതക പരിശോധനയ്ക്ക് അയച്ചതായി ചിക്കമഗലൂരു ജില്ലാ ഹെൽത്ത് ഓഫീസർ ഡോ. ഉമേഷ് വ്യക്തമാക്കി. ഐസൊലേഷനിൽ കഴിയുന്ന കുട്ടികളുടെ സേവനത്തിനായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
കേസുകളുടെ എണ്ണം ഉയർന്നാൽ സ്കൂളുകൾ അടച്ചിടുന്നതും പരീക്ഷകൾ മാറ്റിവെയ്ക്കുന്നതും ആലോചിക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ഓരോ മണിക്കൂറിലും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് അറിയിച്ചു. കുട്ടികളുടെ ക്ഷേമത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments