ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കാണാൻ അവസരമൊരുക്കി കേന്ദ്രസർക്കാർ. രാജ്യത്തെ വിദ്യാർത്ഥികൾക്കാണ് ഈ അവസരം ലഭിക്കുക. ഇതിനായി ഒരു മത്സരം സംഘടിപ്പിക്കുകയാണ് കേന്ദ്രസർക്കാർ. പോസ്റ്റ് കാർഡ് ക്യാമ്പെയിന്റെ ഭാഗമായാണ് മത്സരം.
75 മികച്ച പോസ്റ്റ് കാർഡ് എൻട്രികളിലെ വിജയികൾക്ക് അടുത്ത വർഷം ആദ്യം പ്രധാനമന്ത്രിയെ കാണാൻ അവസരം ലഭിക്കും. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി തപാൽ വകുപ്പും കമ്മ്യൂണിക്കേഷൻ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്കൂൾ, സാക്ഷരതാ വകുപ്പും ചേർന്നാണ് മത്സരം നടത്തുന്നത്.
സ്കൂളുകൾക്ക് സമീപമുള്ള പ്രാദേശിക പോസ്റ്റ് ഓഫീസുകൾ 50 പൈസയ്ക്ക് പ്രത്യേകം സ്റ്റാമ്പ് ചെയ്ത പോസ്റ്റ് കാർഡുകൾ നൽകും. നാല് മുതൽ 12-ാം ക്ലാസിൽ വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാനാവുക. പ്രാദേശിക ഭാഷയിലോ ഇംഗ്ലീഷിലോ ഹിന്ദിയിലോ പോസ്റ്റ് കാർഡുകൾ എഴുതാം.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാളികൾ, 2047ലെ ഇന്ത്യയെ കുറിച്ചുള്ള എന്റെ കാഴ്ച്ചപ്പാട് എന്നിവയാണ് പോസ്റ്റ് കാർഡ് എഴുത്തിന്റെ വിഷയങ്ങൾ. ഡിസംബർ ഒന്ന് മുതൽ 20 വരെ ഈ മത്സരം നടത്താനും പോസ്റ്റ് കാർഡുകൾ ഷോർട്ട് ലിസ്റ്റ് ചെയ്യാനും അതത് ബോർഡുകളിലേക്ക് ഓൺലൈനായി അയക്കാനും സ്കൂളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Comments