കോട്ടയം: കോട്ടയത്ത് ഗ്ലൗസ് അടക്കം ഉപയോഗിച്ച് അതിവിദഗ്ധമായ രീതിയിൽ മോഷണം നടത്തിയ കള്ളനെ പിടികൂടി.തിരുവനന്തപുരം പാറശ്ശാല സ്വദേശി പൂവരക് വിള വീട്ടിൽ സജുവാണ് പിടിയിലായത്.വിവിധ ജില്ലകളിലായി ഇരുപതിലധികം മോഷമ കേസുകളിലെ പ്രതിയായ സജുവിനെ കട്ടപ്പന പോലീസ് പ്രത്യേക നീക്കത്തിലൂടെ പിടികൂടുകയായിരുന്നു.
പകൽ സമയത്ത് വിവിധ സ്ഥലങ്ങളിൽ കറങ്ങി നടന്ന് ആൾതാമസമില്ലാത്ത വീടുകൾ കണ്ടുപിടിച്ച് രാത്രിയിലെത്തി മോഷമം നടത്തുകയാണ് പ്രതിയുടെ രീതി. പണവും സ്വർണാഭരണങ്ങളുമാണ് കൂടുതലായും മോഷ്ടിക്കുന്നത്. മുഖം മറയ്ക്കുന്ന തൊപ്പിയും കൈവിരലടയാളം പതിയാതിരിക്കാൻ ഗ്ലൗസുമണിഞ്ഞാണ് പ്രതി മോഷണം നടത്തിയിരുന്നത്. വീട് കുത്തി തുറക്കാൻ വേണ്ടി മാത്രം പ്രത്യേകം ആയുധങ്ങളും ഇയാൾ നിർമ്മിച്ചിരുന്നു.
സമീപകാലത്ത് മോഷണം നടക്കുന്ന വീടുകളിൽ കണ്ടെത്തിയ ഒരേ രീതിയിലുള്ള ചെരുപ്പ് അടയാളവും വീട് കുത്തിത്തുറക്കുന്ന രീതിയുമാണ് പ്രതി ഒരാളെന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചത്. ചെരിപ്പിന്റെ അടയാളം പിന്തുടർന്ന് ദിവസങ്ങളോളം നിരീക്ഷണം നടത്തിയാണ് പ്രതിയെ പോലീസ് വലയിലാക്കിയത്. വിദഗ്ധ രീതിയിൽ മോഷണം നടത്തുന്നതിനാൽ അമിത ആത്മവിശ്വാസത്തിലായിരുന്നു പ്രതി.പോലീസ് ഒരിക്കലും തന്റെ അടുത്തെത്തില്ലെന്ന് ആശ്വസിച്ച് ഇരിക്കുമ്പോഴാണ് ഒരു ജോഡി ചെരുപ്പിന് പിറകെ കൂടി പോലീസ് കള്ളനെ പിടിച്ചത്.
Comments