കോട്ടയം: ഫാന്‍സി സ്റ്റോര്‍ ജീവനക്കാരിയുടെ കണ്ണില്‍ മുളക് പൊടി എറിഞ്ഞ് മാല മോഷ്ടിക്കാന്‍ ശ്രമം. മാല പൊട്ടിച്ച് ഓടിയ സ്ത്രീയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കടുത്തുരുത്തി വെള്ളാശ്ശേരി മുത്താംകുഴിയില് ഷൈനി ശ്രീധരന് (51) ആണ് പിടിയിലായത്. കടുത്തുരുത്തി താഴത്ത്പള്ളിയില് ഇന്നലെ രാവിലെയായിരുന്നു സംഭവം. പ്രദേശത്തെ മരിയ ഫാഷന്‍ സ്റ്റോറിലെ ജീവനക്കാരിയായ വിജിയുടെ മാലയാണ് ഇവര്‍ പൊട്ടിച്ചത്.
വിജിയുടെ കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞതിന് ശേഷമായിരുന്നു ആക്രമണം. മാലയുമായി കടയുടെ പുറത്തേക്ക് ഓടിയ ഷൈനിയെ, വിജി പിന്നാലെയെത്തി കടന്നു പിടിച്ചു. എന്നാല്‍ വിജിയുടെ ഇടത് കൈ കടിച്ച് മുറിച്ച് ഷൈനി വീണ്ടും ഓടി രക്ഷപെട്ടു. വിജിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഷൈനിയെ പിന്നാലെ ചെന്ന് പിടികൂടിയത്.
കൈയ്ക്ക് പരിക്കേറ്റ വിജി സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. പൊട്ടിച്ചു കൊണ്ടുപോയ മാലയിലെ താലി മാത്രമായിരുന്നു സ്വര്ണ്ണത്തിന്റേതായി ഉണ്ടായിരുന്നത്. മാല മോഷ്ടിക്കാന്‍ ലക്ഷ്യമിട്ട് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പും ഷൈനി കടയിലെത്തി നിരീക്ഷണം നടത്തിയിരുന്നതായി പോലീസ് പറയുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കി.
Comments