മുംബൈ: മഹാരാഷ്ട്രയിലെ നവി മുംബൈയിൽ കാർ ഷോറൂമിന്റെ ഗോഡൗണിൽ വൻ തീപ്പിടിത്തം. അപകടത്തിൽ 40 ബിഎംഡബ്ല്യൂ കാറുകൾ പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
നവി മുംബൈയിലെ തർബെ എംഐഡിസി മേഖലയിലാണ് ഗോഡൗൺ സ്ഥിതിചെയ്യുന്നത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് തീയണയ്ക്കാനായത്. ഏകദേശം 10 ഫയർ എഞ്ചിനുകൾ അപകട സ്ഥലത്ത് രക്ഷാദൗത്യത്തിനായി എത്തിയിരുന്നു.
നാൽപ്പതിലധികം ബിഎംഡബ്ല്യൂ കാറുകൾ കത്തിനശിച്ചതായാണ് കണക്ക്. കാറിന്റെ സർവീസ് സെന്ററിനോടൊപ്പമായിരുന്നു ഗോഡൗണും സ്ഥിതിചെയ്തിരുന്നത്. അതാണ് അപകടത്തിന്റെ വ്യാപ്തി വർദ്ധിക്കാൻ കാരണമായത്. ഏഴ് മണിക്കൂറോളം സമയമെടുത്താണ് അഗ്നിബാധ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത്. കമ്പനിയിലെ ജീവനക്കാരുടെ കാറുകളും അപകടത്തിൽ കത്തിനശിച്ചിട്ടുണ്ട്.
ഉപയോഗിച്ചിരുന്ന കാറുകളും പുതിയവയും അഗ്നിബാധയിൽ കത്തിയെരിഞ്ഞതായി കമ്പനി അധികൃതർ വ്യക്തമാക്കി. എന്നാൽ എത്ര പുതിയ കാറുകൾ കത്തിനശിച്ചുവെന്ന വിവരം ലഭിച്ചിട്ടില്ല. അപകടത്തിന്റെ കാരണവും ഇതുവരെ കണ്ടെത്താനായിട്ടില്ല.
Comments