ഇസ്ലാമാബാദ്: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അധ്യക്ഷത വഹിക്കുന്ന ജനാധിപത്യ ഉച്ചകോടിക്കുള്ള ക്ഷണം പാകിസ്താൻ നിരസിച്ചു. ഡിസംബർ 9,10 തീയതികളിൽ നടക്കുന്ന ഉച്ചക്കോടിക്കുളള ക്ഷണമാണ് പാകിസ്താൻ നിരസിച്ചത്. വാഷിംഗ്ടണുമായുള്ള പങ്കാളിത്തത്തെ വിലമതിക്കുന്നതായി പാകിസ്താൻ പറഞ്ഞു. എന്നാൽ ‘ഭാവിയിൽ ഉചിതമായ സമയത്ത്’ ഈ വിഷയത്തിൽ ഇടപെടുമെന്നും ഇസ്ലാമാബാദ് അറിയിച്ചു.
അമേരിക്ക ചൈനയെ ക്ഷണിക്കാത്തതിനെ തുടർന്നാണ് പാകിസ്താന്റെ തിരസ്‌കരണമെന്നാണ് സൂചന. ഇന്ത്യയുൾപ്പെടെ 100 രാജ്യങ്ങളുടെ പങ്കാളിത്തം ഉച്ചകോടിയിലുണ്ടാകും. യുഎസ് അഭ്യർഥന നിരസിച്ചുകൊണ്ട് പാകിസ്താൻ വിദേശകാര്യ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു, 2021 ഡിസംബർ 9മുതൽ10 വരെ നടക്കുന്ന ജനാധിപത്യത്തിനായുള്ള ഉച്ചകോടിയിൽ പങ്കെടുക്കാൻ പാക്കിസ്താനെ ക്ഷണിച്ചതിന് ഞങ്ങൾ അമേരിക്കയോട് നന്ദിയുള്ളവരാണ്.
”യുഎസുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തെ ഞങ്ങൾ വിലമതിക്കുന്നു, അത് ഉഭയകക്ഷിപരമായും പ്രാദേശികവും അന്തർദ്ദേശീയവുമായ സഹകരണത്തിന്റെ അടിസ്ഥാനത്തിൽ വികസിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിരവധി പ്രശ്നങ്ങളിൽ ഞങ്ങൾ യുഎസുമായി സമ്പർക്കം പുലർത്തുകയും ഭാവിയിൽ ഉചിതമായ സമയത്ത് ഈ വിഷയത്തിൽ ഇടപെടാൻ കഴിയുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നതായി പ്രസ്താവനയിൽ വ്യക്തമാക്കുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനമേറ്റിട്ട് ഒരു വർഷത്തോളം കഴിഞ്ഞിട്ടും പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി നേരിട്ട് ബന്ധപ്പെടാൻ ഇതുവരെ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
Comments