തിരുവനന്തപുരം: സിനിമയിൽ സജീവമല്ലെങ്കിലും ഇന്നും മലയാളികളുടെ പ്രിയതാരമാണ് സംയുക്ത വർമ്മ. യോഗ ചെയ്യുന്ന വീഡിയോകളിലൂടെയും മറ്റും സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ് സംയുക്ത. തന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി തന്നെയാണ് യോഗയെ സംയുക്ത കാണുന്നത്. മൈസൂരിൽ പോയാണ് സംയുക്ത യോഗയിൽ ഉപരിപഠനം നടത്തിയത്. യോഗ ചെയ്യുന്നതിനിടയുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം സംയുക്ത ആരാധകരുമായി ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. യോഗ ചെയ്യുന്നത് മനസിനും ശരീരത്തിനും ഏറെ നല്ലതാണെന്നും, എല്ലാ സ്ത്രീകളും യോഗ അഭ്യസിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നും മുൻപൊരിക്കൽ താരം പറഞ്ഞിട്ടുണ്ട്.
യോഗയിൽ ഒരു കോഴ്സ് പൂർത്തീകരിച്ചതിന്റെ സർട്ടിഫിക്കറ്റുകളാണ് സംയുക്ത സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. ‘അഷ്ടാംഗ യോഗ ടീച്ചേഴ്സ് ട്രെയിനിങ് ലെവൽ-1 (200 മണിക്കൂർ) പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റാണ് സംയുക്തയ്ക്ക് ലഭിച്ചിരിക്കുന്നത്. മൈസൂർ ഹെൽത്ത് യോഗ കേന്ദ്രയുടെ സർട്ടിഫിക്കറ്റാണ് ഇത്.
‘ വിന്യാസ എന്നത് ഊർജ്ജം പ്രദാനം ചെയ്യുന്ന ഒരു പരിശീലനമാണ്. ഇതിലൂടെ മസ്കൂലൈൻ എനർജി എന്താണന്ന് ഞാൻ അനുഭവിച്ച് അറിഞ്ഞു. എനിക്കിത് വളരെ ബുദ്ധിമുട്ടായിരുന്നു. പ്രവീൺ സാറിന്റെ സഹായമില്ലാതെ തനിക്ക് ഒരിക്കലും ഇത് സാധ്യമാകുമായിരുന്നില്ലെന്നും’ സംയുക്ത പറയുന്നു. നേരത്തെ അസാമാന്യ മെയ് വഴക്കത്തോടെ ശീർഷാസനം ചെയ്യുന്നതിന്റെ വീഡിയോ സംയുക്ത പങ്കുവച്ചിരുന്നു. ഇത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
Comments