ദുബായ് : വർണാഭമായ വിസ്മയങ്ങളും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളൊമൊരുക്കി 27 ആം ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമാകും. ബുർജ് പാർക്കിലെ ഗംഭീരമായ ഉദ്ഘാടന ചടങ്ങിൽ ബുർജ് ഖലീഫ ലൈറ്റ് ഷോ, ഡാൻസിങ് ഫൗണ്ടൈൻ , സൂപ്പർസ്റ്റാർ ബൽഖീസ് ഫാത്തിയുടെയും അവാർഡ് ജേതാവായ മുഹമ്മദ് ഹമാക്കിയുടെയും തത്സമയ പ്രകടങ്ങളും അരങ്ങേറും.
47 ദിവസം നീണ്ട് നിൽക്കുന്ന ഷോപ്പിംഗ് മേളയിൽ സന്ദർശകർക്കായി നിരവധി ഓഫറുകളും സമ്മാനങ്ങളും നേടാൻ അവസരമൊരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. ഡി എസ് എഫ് ഡ്രോൺ-ലൈറ്റ് ഷോ ദിവസവും വൈകിട്ട് 7 മണി മുതൽ 9 :30 വരെ നടക്കും. ഐൻ ദുബായിൽ ലൈറ്റ് ഷോയും ഡ്രോൺ ഷോയ്ക്ക് അനുബന്ധമായി അരങ്ങേറും.
ഡിഎസ്എഫിന്റെ ഉദ്ഘാടന കരിമരുന്ന് പ്രയോഗം ഡിസംബർ 16 വ്യാഴാഴ്ച ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, അൽ സീഫ്, ദുബായ് ക്രീക്ക്, ദി ദുബായ് ഫ്രെയിം, ലാ മെർ എന്നിവിടങ്ങളിൽ നടത്തപ്പെടും. ഡിസംബർ 22 വരെ ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ ദിവസേനയുള്ള വെടിക്കെട്ട് പ്രദർശനങ്ങളും നടക്കും. അടുത്തവർഷം ജനുവരി 30ന് മേള സമാപിക്കും. ടിക്കറ്റുകൾ 75 ദിർഹം മുതലാണ് വില.
Comments