ബംഗളുരു: പീഡനം തടയാൻ കഴിഞ്ഞില്ലെങ്കിൽ അത് ആസ്വദിക്കണമെന്ന കോൺഗ്രസ് എംഎൽഎയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി നിർഭയയുടെ അമ്മ. കർണാടകയിലെ കോൺഗ്രസ് എംഎൽഎ കെ.ആർ.രമേശ് കുമാറാണ് കഴിഞ്ഞ ദിവസം വിവാദ പ്രസ്താവന നടത്തിയത്. നിയമസഭയിൽ ചിരിച്ചു കൊണ്ട് അശ്ലീല പരാമർശം നടത്തുന്ന എംഎൽഎയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. എന്തിനാണ് എംഎൽഎ ഇത്തരമൊരു പരാമർശം നടത്തിയതെന്ന് മനസിലാകുന്നില്ല. ചില മഹാന്മാർ എന്നെ പീഡിപ്പിക്കൂ, എന്നൊക്കെ പറയുന്നത് കേട്ടു. പീഡനം എന്ന് പറഞ്ഞാൽ എന്താണ് അവർ മനസിലാക്കി വച്ചിരിക്കുന്നത്. അവരുടെ കുടുംബത്തിൽ ആരെങ്കിലും പീഡനത്തിന് ഇരയായിട്ടുണ്ടോ? അനുഭവിച്ചവർക്കേ അതിന്റെ വേദന മനസിലാകൂ എന്നും നിർഭയയുടെ അമ്മ ആശാ ദേവി വിമർശിച്ചു.
കോൺഗ്രസ് എംഎൽഎയുടെ പരാമർശങ്ങൾ നിയമസഭയ്ക്ക് അകത്തും പുറത്തും വലിയ വിവാദങ്ങൾക്ക് ഇടവച്ചിരുന്നു. ‘ നിങ്ങൾക്ക് പീഡനെ ചെറുക്കാനാകുന്നില്ലെങ്കിൽ, അവിടെ കിടന്ന് കൊണ്ട് അത് ആസ്വദിക്കുക’ ഇതായിരുന്നു രമേശ് കുമാറിന്റെ വിവാദ പരാമർശം. ലോക്സഭയിലും ഇതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഈ വിഷയത്തിൽ മൗനം വെടിയണമെന്നും, കോൺഗ്രസ് എംഎൽഎ നിരുപാധികം മാപ്പ് പറയണമെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടു. സംഭവം വലിയ വിമർശനങ്ങൾക്ക് വഴി വച്ചതോടെ രമേശ് കുമാർ ഖേദപ്രകടനവും നടത്തിയിരുന്നു.
Comments