മുംബൈ : അപകത്തിൽപ്പെട്ട സുഹൃത്തിന്റെ ജീവൻ രക്ഷിച്ച ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന് നന്ദിയറിയിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുഹൃത്തിനെ ഉദ്യോഗസ്ഥൻ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കുകയായിരുന്നു. നവംബർ 30-നാണ് സച്ചിന്റെ സുഹൃത്തിന് അപകടം സംഭവിച്ചത്.
സച്ചിന്റെ സുഹൃത്ത് യാത്ര ചെയ്ത ഓട്ടോറിക്ഷയിൽ വാഹനം വന്നിടിച്ചാണ് അപകടമുണ്ടായത്. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന സുരേഷ് ദുംസേ എന്ന ട്രാഫിക് പോലീസുകാരനാണ് സഹായത്തിന് ഓടിയെത്തിയത്. പരിക്കേറ്റ സ്ത്രീയുടെ ഭർത്താവിനെ വിവരം അറിയിക്കുകയും ചെയ്തു. യുവതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടതും അവരുടെ ഭർത്താവിനെ വിളിച്ച് അറിയിച്ചുവെന്ന് ഉദ്യോഗസ്ഥൻ പറയുന്നു.
എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം സച്ചിൻ ടെണ്ടുൽക്കർ തന്നെ നേരിട്ട് വന്ന് കണ്ട് നന്ദിയും അഭിനന്ദനവും അറിയിക്കുകയായിരുന്നു. എന്നാൽ ഇക്കാര്യം താൻ ആരെയും അറിയിച്ചില്ലെന്നും തന്റെ ഡ്യൂട്ടിയാണിതെന്ന് ബോദ്ധ്യമുണ്ടായിരുന്നുവെന്നും ദുംസെ കൂട്ടിച്ചേർത്തു. സച്ചിനെ പോലെ ഒരാൾ അഭിനന്ദിച്ചതിലെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ സച്ചിൻ ഇക്കാര്യം അടുത്തിടെ ട്വിറ്ററിൽ കുറിച്ചു. നട്ടെല്ലിന് പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയിലെത്തിച്ചത് അതീവ ജാഗ്രതയോടെയാണെന്നും താരം പരാമർശിച്ചിട്ടുണ്ട്. ഇത്തരത്തിലുളള ഉദ്യോഗസ്ഥർക്ക് തീർച്ചയായും നന്ദിയറിയിക്കണമെന്നും സച്ചിൻ ട്വിറ്ററിൽ കുറിച്ചു.
Comments