പാലക്കാട്: ആർഎസ്എസ് സ്വയംസേവകൻ സഞ്ജിത്തിന്റെ കൊലപാതകം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേയ്ക്ക്. സഞ്ജിത്തിന്റെ ഭാര്യ അഷിക ഉടൻ തന്നെ ഹൈക്കോടതിയിൽ ഹരജി നൽകും.
ഇതിനാവശ്യമായ എല്ലാ രേഖകളും തയ്യാറാക്കിയെന്ന് സഞ്ജിത്തിന്റെ കുടുംബം പ്രതികരിച്ചു. സംസ്ഥാന പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും യഥാർത്ഥ പ്രതികളെ ഇതു വരെ പിടികൂടാൻ സാധിക്കാത്തതിനാലുമാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് നിയമ പോരാട്ടത്തിനിറങ്ങുന്നതെന്ന് കുടുംബം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.
കൊലപാതകം നടന്ന് 37 ദിവസം പിന്നിട്ടിട്ടും കേസിലാകെ 3 പ്രതികളെ മാത്രമാണ് പിടികൂടാൻ കഴിഞ്ഞത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, കൊലയാളികൾ എത്തിയ വാഹനത്തിന്റെ ഡ്രൈവർ നെന്മാറ സ്വദേശി അബ്ദുൽ സലാം, പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരാണ് പിടിയിലായവർ. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ 5 പേരെയും ഗൂഡാലോചന നടത്തിയവരെയും പിടികൂടാനുണ്ട്.
Comments