കോട്ടയം: പ്രവർത്തകർക്ക് പുതിയ നിർദ്ദേശങ്ങളുമായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി.സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ തലങ്ങളിലെ തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ടാണ് ഈ നിർദേശം. പാർട്ടി ചുമതലകൾ വഹിക്കുന്ന നേതാക്കൾക്ക് കൈമാറിയ കത്തിലാണ് നിർദ്ദേശങ്ങൾ അടങ്ങിയിരിക്കുന്നത്.
കൊടിതോരണങ്ങൾ കെട്ടി ആഘോഷമാക്കിയാകണം പാർട്ടി സമ്മേളനങ്ങൾ ഇനിമുതൽ നടത്തേണ്ടതെന്ന് അദ്ദേഹം കത്തിൽ പറയുന്നു.
വാർഡ്, മണ്ഡലം, നിയോജകമണ്ഡലം, ജില്ലാതല തെരഞ്ഞെടുപ്പുകൾ എന്നിവ പാർട്ടി സമ്മേളനം തന്നെയാക്കി മാറ്റണമെന്നാണ് കത്തിൽ നൽകിയിരിക്കുന്ന പ്രധാന നിർദേശം.
ഹോട്ടൽ മുറികളിൽ ഒത്തുകൂടിയുള്ള സമ്മേളനം ഇനിമുതൽ ഉണ്ടാകില്ല. യോഗം നടക്കുന്ന സ്ഥലവും പരിസര പ്രദേശങ്ങളും കൊടിതോരണങ്ങൾ കൊണ്ട് അലങ്കരിക്കണം. ജില്ലാ സമ്മേളനമാണ് നടക്കുന്നതെങ്കിൽ കുറഞ്ഞത് 500 കോടികളെങ്കിലും സ്ഥാപിക്കണം. ഇക്കാര്യങ്ങൾ നടപ്പാക്കാൻ പ്രത്യേക ചുമതലക്കാർ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് നടത്തിപ്പിന് പുറമെ പാർട്ടിയുടെ പ്രവർത്തനങ്ങളും നേട്ടങ്ങളും കൂടുതൽ പേരിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സമൂഹമാദ്ധ്യമ ഇടപെടൽ വർദ്ധിപ്പിക്കണമെന്നും നിർദേശമുണ്ട്. ഇതിനായി ഐ.ടി ചാർജുകളിൽ ആളുകൾ ഉണ്ടാകണം. സോഷ്യൽ മീഡിയ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്ന വ്യക്തിയായിരിക്കണം ഈ ചുതല കൈകാര്യം ചെയ്യാൻ.
പാർട്ടി സമ്മേളനങ്ങളിലെ പ്രസംഗങ്ങൾ എങ്ങനെയാകണമെന്നും എന്ത് പറയണമെന്നുമുള്ള നിർദേശങ്ങൾ കത്തിൽ പറയുന്നുണ്ട്.അനുയോജ്യനായ ഒരാൾ വേണം ക്ലാസുകൾ കൈകാര്യം ചെയ്യാനെന്നും നിർദേശമുണ്ട്.
Comments