അബുദാബി: അജ്മാൻ മുൻസിപ്പാലിറ്റിയും പ്രവാസി ഭാരതീയരുടെ കൂട്ടായ്മയായ വികാസ് കൾച്ചറൽ സെന്ററും സംയുക്തമായി കണ്ടൽ തൈകൾ നട്ടുപിടിപ്പിക്കുന്നു. പരിസ്ഥിതി സംരക്ഷണ പരിപാടികളുടെ ഭാഗമായി അജ്മാനിലെ അൽസോറ സംരക്ഷിത മേഖലയിലാണ് കണ്ടൽ തൈകൾ നടുന്നത്.
ഡിസംബർ 24ന് നടക്കുന്ന പരിപാടിയിൽ 1500ൽ അധികം കണ്ടൽ തൈകൾ നടുന്നതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വിസിസി അജ്മാൻ, പ്രസിഡന്റ് ഗംഗാധരൻ നായർ, വൈസ് പ്രസിഡന്റ് ഷാജി എന്നിവർ അറിയിച്ചു. രാവിലെ 9 മണിക്ക് നടക്കുന്ന ചടങ്ങിൽ എമിറേറ്റ്സ് സ്കൂൾസ് ഡയറക്ടർ ഷെയ്ഖ് ഖാലിദ് അബ്ദുള്ള അബ്ദുൾജാബർ മുഹമ്മദ് പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും.
പരിസ്ഥിതി സംരക്ഷണത്തിനും പ്രകൃതിയോടിണങ്ങിയുള്ള വികസനപ്രവർത്തനങ്ങൾക്കും എന്നും പ്രഥമസ്ഥാനം നൽകുന്ന അജ്മാൻ മുനിസിപ്പാലിറ്റിയുടെ സാമൂഹ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ പ്രവാസി സമൂഹത്തിനു ലഭിക്കുന്ന ഈ അവസരം വിസിസിയുടെ പ്രവർത്തനങ്ങൾക്കു ലഭിച്ച അംഗീകാരമായി കണക്കാക്കുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങിയാലും ഈ രാജ്യത്തോടുള്ള നമ്മുടെ കടപ്പാടിന്റെയും കൃതജ്ഞതയുടെയും കയ്യൊപ്പായി ഒരു മരം ഈ മണ്ണിൽ ഉണ്ടാവുക എന്നത് ഒരു ഭാഗ്യമായി കരുതി ഈ അവസരം പ്രയോജനപ്പെടുത്താൻ എല്ലാ കുടുംബങ്ങളെയും ക്ഷണിക്കുന്നതായി വിസിസി അജ്മാൻ ഭാരവാഹികൾ അറിയിച്ചു.
Comments