തിരുവനന്തപുരം: സാമൂഹികവിദ്വേഷം വളർത്തുന്ന തരത്തിൽ നവമാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് 51 കേസുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ആറ് ദിവസത്തെ കണക്കാണിതെന്ന് പോലീസ് അറിയിച്ചു.
ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് എറണാകുളം റൂറൽ പോലീസ് ജില്ലയിലാണ്. 14 കേസുകളാണ് റൂറൽ പോലീസ് പരിധിയിൽ രജിസ്റ്റർ ചെയ്തത്. മലപ്പുറത്ത് 12 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ന് ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ നടന്നിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരം സിറ്റി ഒന്ന്, തിരുവനന്തപുരം റൂറൽ നാല്, കൊല്ലം സിറ്റി ഒന്ന്, പത്തനംതിട്ട ഒന്ന്, ആലപ്പുഴ രണ്ട്, കോട്ടയം ഒന്ന്, തൃശൂർ സിറ്റി നാല്, തൃശൂർ റൂറൽ ഒന്ന്, പാലക്കാട് അഞ്ച്, കോഴിക്കോട് റൂറൽ രണ്ട്, കണ്ണൂർ റൂറൽ ഒന്ന്, കാസർകോട് രണ്ട് എന്നിങ്ങനെയാണ് മറ്റു ജില്ലയിലെ കണക്കുകൾ.
സാമൂഹികവിദ്വേഷവും മതസ്പർദ്ധയും വളർത്തുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന സന്ദേശങ്ങൾ നിരീക്ഷിക്കാനും അതിനുപിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനും പോലീസ് പ്രത്യേകസംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത്തരം കേസുകളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റക്കാർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകിയിരുന്നു.
നേരത്തെ മനുഷ്യാവകാശ കമ്മീഷനും ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും ഉത്തരവ് നൽകിയിരുന്നു.
Comments