കണ്ണൂർ: മകളുടെ കൂട്ടുകാരികൾക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തിൽ 52കാരൻ പിടിയിൽ. കണ്ണൂർ കടലാഴി സ്വദേശി ഹരീഷാണ് അറസ്റ്റിലായത്. അശ്ലീല സന്ദേശം ലഭിച്ച ഒരു പെൺകുട്ടിയുടെ രക്ഷിതാവ് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. പോക്സോ നിയമപ്രകാരമാണ് ഹരീഷിനെതിരെ കേസെടുത്തിരിക്കുന്നത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
എൽഐസി ഏജന്റാണ് അറസ്റ്റിലായ ഹരീഷ്. കേസ് നൽകിയ പെൺകുട്ടിക്ക് പുറമെ നിരവധി സ്ത്രീകൾക്കും കുട്ടികൾക്കും ഇയാൾ അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ചതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിന്നും ഇതിനുള്ള തെളിവുകൾ ലഭിച്ചതായും പോലീസ് വ്യക്തമാക്കി.
മകളുടെ ഫോണെടുത്ത് രഹസ്യമായിട്ടാണ് ഇയാൾ സുഹൃത്തുക്കളുടെ നമ്പറുകൾ സ്വന്തമാക്കിയത്. കൂടുതൽ തെളിവുകൾ കണ്ടെത്തുന്നതിനായി ഹരീഷിന്റെ ഫോൺ പോലീസ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
Comments