ന്യൂഡൽഹി: കൗമാരക്കാരിലെ വാക്‌സിനേഷനും ബൂസ്റ്റർ ഡോസ് വിതരണവും ചർച്ച ചെയ്യാൻ ഇന്ന് ആരോഗ്യ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ യോഗം. ചീഫ് സെക്രട്ടറിമാരും മെഡിക്കൽ ഓഫീസർമാരും യോഗത്തിൽ പങ്കെടുക്കും. രാജ്യത്തെ ഒമിക്രോൺ വ്യാപനവും യോഗത്തിൽ ചർച്ചയാകും. രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നിയന്ത്രണങ്ങളും യോഗത്തിൽ തീരുമാനിച്ചേക്കും.
അതിനിടെ ഒമിക്രോൺ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടത്താൻ കഴിയുമോയെന്ന് പരിശോധിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സംഘം ഇന്ന് ഉത്തർപ്രദേശിൽ എത്തും. മൂന്ന് ദിവസം സംസ്ഥാനത്ത് തുടരുന്ന സംഘം ചീഫ് സെക്രട്ടറി, ഡിജിപി, ആരോഗ്യവകുപ്പ് സെക്രട്ടറി എന്നിവരുമായി ചർച്ച നടത്തും. ഉത്തർപ്രദേശ് ഉൾപ്പടെ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഒമിക്രോൺ വ്യാപനത്തിന്റെയും, വാക്‌സിനേഷന്റെയും വിവരങ്ങൾ കേന്ദ്ര ആരോഗ്യസെക്രട്ടറി ഇന്നലെ കമ്മീഷന് കൈമാറിയിരുന്നു.
രാജ്യത്ത് ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 600നോട് അടുത്തു. മണിപ്പൂരിലും ഗോവയിലും ആദ്യ ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പത്ത് സംസ്ഥാനങ്ങൾ രാത്രികാല കർഫ്യു പ്രഖ്യാപിച്ചു. രോഗ വ്യാപനം തീവ്രമായ ഇടങ്ങളിൽ നിരോധനാജ്ഞ ഉൾപ്പടെയുള്ള നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക നിർദ്ദേശം നൽകി.
Comments