അമൃത്സർ: നടിയും റിയാലിറ്റി ഷോ താരവുമായ ഷെഹ്നാസ് ഗില്ലിന്റെ പിതാവ് സന്തോഖ് സിങ് സുഖിന് നേരെ ആക്രമണം. ബൈക്കിലെത്തിയ രണ്ട് പേർ ഇദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. അമൃത്സറിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെയാണ് സംഭവം. അടുത്തിടെയാണ് സന്തോഖ് സിങ് സുഖ് ബിജെപിയിൽ ചേർന്നത്.
ശനിയാഴ്ച രാത്രി എട്ടരയോടെ സന്തോഖ് സഞ്ചരിച്ചിരുന്ന വാഹനം ഒരു ഡാബയ്ക്ക് സമീപം നിർത്തിയിരുന്നു. ഈ സമയം ബൈക്കിലെത്തിയ രണ്ട് പേർ കാറിന് സമീപം നിർത്തുകയും സന്തോഖിന് നേരെ വെടിയുതിർക്കുകയുമായിരുന്നു. കാറിനുള്ളിലാണ് സന്തോഖ് ഉണ്ടായിരുന്നത്. നാല് തവണ വെടിയുതിർത്തെങ്കിലും, നാലും കാറിലാണ് കൊണ്ടത്. ഉടനെ തന്നെ ഇദ്ദേഹത്തിന്റെ സുരക്ഷാഭടന്മാർ ഓടിയെത്തി സന്തോഖിനെ രക്ഷിക്കുകയായിരുന്നു. അക്രമികളും ഈ സമയത്തിനുള്ളിൽ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. ആക്രമണത്തിന് തൊട്ടുപിന്നാലെ സന്തോഖ് പോലീസിൽ പരാതി നൽകിയിരുന്നു.
പ്രദേശത്ത് നിന്ന് നാല് വെടിയുണ്ടകൾ കണ്ടെടുത്തതായി പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം സംഭവത്തിൽ പോലീസിൽ പരാതി നൽകിയെങ്കിലും, പോലീസ് ഇതുവരെ കേസെടുത്തില്ലെന്ന് സന്തോഖ് സിങ് സുഖ് ആരോപിച്ചു.
Comments