മസ്കറ്റ്: ഒമാനിൽ കൊറോണ ബാധിതരുടെ എണ്ണത്തിൽ വർദ്ധനവുണ്ടെങ്കിലും കടുത്ത നിയന്ത്രണ നടപടികൾ ആഗ്രഹിക്കുന്നില്ലെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. എന്നാൽ പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വാക്സീനെടുത്തവർക്കേ പ്രവേശനം അനുവദിക്കുകയുള്ളുവെന്ന് അധികൃതർ വ്യക്തമാക്കി.
സർക്കാർ-സ്വകാര്യ മേഖലയിലെ തൊഴിടങ്ങളിലെത്തുന്ന ജീവനക്കാർ രണ്ട് ഡോസ് വാക്സിനെടുത്ത സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സർക്കുലർ തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. വാക്സിൻ എടുക്കാൻ ആരോഗ്യപ്രശ്നമുണ്ടെങ്കിൽ അത് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്നും ഹാജരാക്കണം.രാജ്യത്ത് ഇതുവരെ ആറ് ദശലക്ഷത്തിലധികം കൊറോണ വാക്സിനുകളാണ് നൽകിയത്. സ്വദേശികളും വിദേശികളുമായി 2,30,000 പേർ ഇനിയും വാക്സിൻ സ്വീകരിക്കാത്തവരായുണ്ട്.
ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട കൊറോണ രോഗികളിൽ ഭൂരിഭാഗവും കുത്തിവെപ്പെടുക്കാത്തവരാണ്. കൊറോണ ചികിത്സക്കായി കണ്ടെത്തുന്ന മരുന്നുകളും വാക്സിനുകളും ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടാൽ കാലതാമസം കൂടാതെ രാജ്യത്തും ലഭ്യമാക്കും. രാജ്യത്തെ വിദേശികളിൽ 90 ശതമാനവും ആദ്യ ഡോസ് വാക്സിനെടുത്തു. 83 ശതമാനം രണ്ട് ഡോസ് വാക്സിനേഷനും പൂർത്തീകരിച്ചവരാണ്.
Comments