റിയാദ്: ജനുവരി 1 മുതൽ ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ എയർ ബബിൾ സംവിധാനം പ്രാബല്യത്തിൽ വരുമെന്ന് സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യക്കാർക്ക് ഇനി നേരിട്ട് സൗദിയിലേക്ക് മടങ്ങിയെത്താം. പുതിയ തീരുമാനം അനുസരിച്ച് ഇന്ത്യയിൽ നിന്നും സൗദി അറേബ്യയിലേക്കും സൗദിയിൽ നിന്നും ഇന്ത്യയിലേക്കും വിമാനകമ്പനികൾക്ക് നേരിട്ട് സർവീസ് നടത്താം.
സൗദി പൗരന്മാർ, സൗദി അറേബ്യയുടെ സാധുതയുള്ള വിസ കൈവശമുള്ള സൗദി അറേബ്യയിലേക്ക് മാത്രം യാത്ര ചെയ്യുന്ന ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സൗദിയിലെ താമസക്കാർ എന്നിവർക്ക് എയർ ബബിൾ സംവിധാനത്തിലൂടെ യാത്ര ചെയ്യാം. ടിക്കറ്റും ബോർഡിംഗ് പാസും നൽകുന്നതിന് മുമ്പ് യാത്രക്കാർക്ക് സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് യാത്രാ നിയന്ത്രണമില്ലെന്ന് ബന്ധപ്പെട്ട എയർലൈനുകൾ ഉറപ്പാക്കണം.
സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ, നേപ്പാൾ, ഭൂട്ടാൻ പൗരന്മാരായ യാത്രക്കാർക്ക് ടിക്കറ്റും ബോർഡിംഗ് പാസും നൽകുന്നതിന് മുമ്പ് ഇന്ത്യയിൽ പ്രവേശിക്കുന്നതിന് യാത്രാ നിയന്ത്രണമില്ലെന്ന് ഉറപ്പാക്കേണ്ടതും ബന്ധപ്പെട്ട എയർലൈനുകളായിരിക്കും. സാധുവായ ഇന്ത്യൻ വിസ കൈവശമുള്ള നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സൗദി പൗരന്മാർക്ക് ഇന്ത്യയിലേക്ക് നേരിട്ട് എത്താം എന്നും ഇന്ത്യൻ സിവിൽ ഏവിയേഷൻ വ്യക്തമാക്കി.
കോവാക്സിൻ എടുത്ത ഇന്ത്യക്കാർക്ക് മറ്റ് രാജ്യങ്ങളിൽ ക്വാറന്റൈൻ കഴിയാതെ ഇന്ത്യയിലേക്ക് മടങ്ങാം എന്ന് കഴിഞ്ഞ ദിവസം സൗദി പ്രഖ്യാപിച്ചിരുന്നു. ഒമിക്രോൺ പടരുന്ന സാഹചര്യത്തിലും പുതിയ തീരുമാനം ഏറെ ആശ്വാസകരമായിരിക്കുകയാണ് പ്രവാസികൾക്ക്.
Comments