കൊച്ചി ; മലയാള സിനിമയുടെ എക്കാലത്തും മറക്കാൻ സാധിക്കാത്ത മുഖമായ ജികെ പിള്ളയ്ക്ക് അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തനതായ അഭിനയശൈലിയിലൂടെ വ്യത്യസ്ത തലമുറകളുടെ മനസ്സിൽ ഇടം നേടിയ അഭിനേതാവായിരുന്നു ജികെ പിള്ള എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
പ്രശസ്ത സിനിമ-സീരിയൽ നടൻ ജികെ പിള്ളയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു. ആറു പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ അഭിനയ ജീവിതം ബ്ലാക്ക് ആൻറ് വൈറ്റ് ചലച്ചിത്രങ്ങൾ മുതൽ ടെലിവിഷൻ സീരിയലുകൾ വരെ വ്യാപിച്ച് നിൽക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാള സിനിമയ്ക്ക് മറക്കാനാകാത്ത നടന്റെ മരണത്തിൽ മോഹൻലാലും മമ്മൂട്ടിയും ദുഃഖം രേഖപ്പെടുത്തി. മലയാള സിനിമയിലെ തലമുറകളുടെ നടൻ ജി.കെ പിള്ളച്ചേട്ടന് ആദരാഞ്ജലികൾ അർപ്പിക്കുന്നതായി മോഹൻലാൽ പറഞ്ഞു. ജി കെ പിള്ളയുടെ മരണത്തിൽ മമ്മൂട്ടിയും ദുഃഖം രേഖപ്പെടുത്തി.
വാർദ്ധക്യ സംബന്ധമായ രോഗങ്ങൾ ബാധിച്ച് ഏറെ കാലമായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരിച്ചത്. തിരുവനന്തപുരം ഇടവയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ആറ് പതിറ്റാണ്ടിലേറെയായി അഭിനയ രംഗത്ത് സജീവമായ വ്യക്തിയായിരുന്നു അദ്ദേഹം. 320 ൽ അധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 13 വർഷത്തോളം അദ്ദേഹം സൈനിക ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Comments