ഒമാനിലെ ഇന്ത്യൻ എമ്പസിയുടെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും സാമൂഹ്യ സേവനങ്ങൾ നടത്തുന്നതിലും മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറത്തിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് ഇന്ത്യൻ അംബാസഡർ അമിത് നരങ്ങ് അഭിപ്രായപ്പെട്ടു.
എംബസിയിൽ അദ്ദേഹത്തെ സന്ദർശിക്കാനെത്തിയ IMF ഭാരവാഹികളോടാണ് അംബാസഡർ ഇക്കാര്യം വ്യക്തമാക്കിയത്.
കൊറോണ സമയത്തും കേരളത്തിലെ രണ്ടു പ്രളയകാലങ്ങളിലും സംഘടന നടത്തിയ പ്രവർത്തനങ്ങളെയും അഭിനന്ദിച്ച അദ്ദേഹം, എംബസിയുമായി സഹകരിച്ചു കൂടുതൽ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഇന്ത്യൻ മീഡിയ ഫോറം പ്രതിനിധികളോട് അദ്ദേഹം ആവശ്യപ്പെട്ടു.
കൊറോണ മഹാമാരിയുടെ ഫലമായി ജോലി നഷ്ടപ്പെട്ട ഏതാണ്ട് രണ്ടു ലക്ഷത്തോളം മലയാളികളുൾപ്പെടെയുള്ള ഇന്ത്യൻ സമൂഹം, പ്രതീക്ഷ കൈവെടിയാതെ കൂടുതൽ ക്രിയാത്മകമായി പ്രവർത്തിക്കണം. കൊറോണ കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇന്ത്യൻ സമൂഹം, ഒമാൻ സർക്കാർ നിർദ്ദേശിക്കുന്ന മുൻകരുതലുകൾ നിർബന്ധമായും പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒമാനും ഇന്ത്യയും തമ്മിലുള്ള എയർ ബബ്ൾ കരാർ പ്രകാരമുള്ള 8,000 സീറ്റുകളിൽ വർധന വരുത്തണമെന്ന എംബസിയുടെ ആവശ്യത്തിന്മേൽ അനുകൂലമായ നടപടി ഇതുവരെ ഉണ്ടായിട്ടില്ലാത്തതാണ് ആകാശയാത്ര ചെലവേറിയതാകുന്നതെന്ന ഉത്കണ്ഠ അദ്ദേഹം പ്രകടിപ്പിച്ചു.
ഇന്ത്യൻ മീഡിയ ഫോറം ഭാരവാഹികളായ ജയകുമാർ വള്ളിക്കാവ്, കബീർ യൂസുഫ്, ചന്ദ്രശേഖരൻ, ഒ കെ മുഹമ്മദലി, ഷിലിൻ പൊയ്യാറ, ഷൈജു സലാഹുദ്ധീൻ എന്നിവരാണ് അംബാസ്സഡറുമായി കൂടിക്കാഴ്ച നടത്തിയത്.
Comments